"യുപിക്ക് അതിന് ഭാഗ്യം ലഭിക്കട്ടെ" ; യോഗിയെ പരിഹസിച്ച് ശശി തരൂര്‍
കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും
ന്യൂഡല്‍ഹി: ബിജെപി പരാജയപ്പെടുകയാണെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളവും ബംഗാളും കശ്മീരും ആകാന്‍ യുപിക്ക് ഭാഗ്യ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് പറയുന്നു. യുപിക്ക് ഭാഗ്യമുണ്ടാകണം... കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സര്‍ക്കാരിനെ കുറിച്ചുള്ള സഹതാപമാണ്' തരൂര്‍ ട്വീറ്റ് ചെയ്തു.
യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തെ പരാമര്‍ശിച്ചുകൊണ്ട് വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് വോട്ടഭ്യര്‍ഥിച്ചത്.
UP will turn into Kashmir, Bengal or Kerala if BJP doesn't come to power, @myogiadityanath tells voters.
— Shashi Tharoor (@ShashiTharoor) February 10, 2022
UP should be so lucky!! Kashmir's beauty, Bengal's culture & Kerala's education would do wonders for the place.
UP's wonderful: pity about its Govt.https://t.co/bn6ItSczm6
'എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധികസമയം എടുക്കില്ല' യോഗി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
