യോഗി എല്ലാ കേരളീയരേയും അപമാനിക്കുകയാണ് ചെയ്തത്: എം എ ബേബി

കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Update: 2022-02-10 10:40 GMT

കോഴിക്കോട്: യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓർക്കണമെന്ന് എം എ ബേബി പറഞ്ഞു. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Full View

മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളവും ഏറ്റവും താഴെ നിൽക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കിൽ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കൽ ഒരു ആഫ്രിക്കൻ രാജ്യവുമായി ചേർത്തു പറഞ്ഞു കേരളത്തെ അപമാനിക്കാൻ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നതെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.