പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍: യുപിയില്‍ പുതിയ ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

Update: 2020-03-16 12:21 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍ രംഗത്ത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ സമരക്കാരുടെ പേരും ചിത്രങ്ങളും പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനത്തെ മറികടക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് 'ഉത്തര്‍പ്രദേശ് പൊതു-സ്വകാര്യ പ്രൊപ്പര്‍ട്ടി ഓര്‍ഡിനന്‍സ്-2020' കൊണ്ടുവന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പാസാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ യുപിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ യോഗി സര്‍ക്കാര്‍ നടത്തിയ പല നടപടികളും കോടതി ചോദ്യം ചെയ്തതോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിഷേധസമരങ്ങളിലോ മറ്റോ അക്രമികളില്‍ നിന്ന് പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ അത് തടയുന്നതിന് കര്‍ശനമായ നിയമം ഉണ്ടാക്കണമെന്ന് സുപ്രിംകോടതി 2011 ല്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ നേരത്തേ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സിഎഎ വിരുദ്ധ ഹോര്‍ഡിങ് വിഷയം പരിഗണിച്ചപ്പോള്‍ ഏത് നിയമത്തിന് കീഴിലാണ് ഇത്തരം നടപടികളെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അത് പിന്നീട് നിയമമായി മാറുമെന്നും യുപി മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു.

    അതേസമയം, സര്‍ക്കാര്‍ സ്വേച്ഛാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ഉത്തരവ് ലംഘിക്കുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അനുരാഗ് ഭദൗര്യ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് പൗരത്വ നിയമത്തിനെതിരായ സമരം അക്രമാസക്തമായെന്ന് ആരോപിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുക്കുകയും സമരക്കാരുടെ പേരും ചിത്രങ്ങളും വിലാസങ്ങളും ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ലഖ്‌നോയിലും മറ്റും സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയാണു ലഭിച്ചത്. കേസ് പരിഗണിച്ച സുപ്രിംകോടതി,ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് കേസെടുത്തതെന്ന് ആരായുകയും ചെയ്തിരുന്നു.

    സ്വത്ത് വീണ്ടെടുക്കല്‍ ഓര്‍ഡിനന്‍സിനു പുറമെ, അലഹബാദ് ഹൈക്കോടതിയില്‍ മള്‍ട്ടിസ്‌റ്റോര്‍ പാര്‍ക്കിങ്, കോടതികളില്‍ ത്രിതല സെക്യൂരിറ്റി ക്രമീകരണം, പോലിസ് ലൈനുകള്‍, ബാരക്കുകള്‍, പോലിസ് സ്‌റ്റേഷനുകള്‍, അഗ്‌നിശമനസേന എന്നിവയുടെ നിര്‍മാണത്തില്‍ ഏകീകരണം എന്നിവയ്ക്കും സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി.