ഈ നാട്ടില്‍ ചികിൽസ കിട്ടുന്നില്ല; യോഗിയുടെ കൊവിഡ് പ്രതിരോധത്തെ പരസ്യമായി വിമര്‍ശിച്ച് ബിജെപി എംഎല്‍എ
12,17,955 പേരാണ് ഉത്തര്‍ പ്രദേശില്‍ ആകെ കൊവിഡ് ബാധിതരായത്. 12,241 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.
ലഖ്നോ: ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധ സംവിധാനത്തിനുനേരെ പരസ്യവിമര്‍ശനവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ബ്യൂറോക്രസിയുടെ സഹായത്തോടെയുളള യോഗി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്നാണ് സിങ്ങിന്റെ വിമര്‍ശനം. ബിജെപി എംഎല്‍എമാര്‍ക്ക് ഉള്‍പ്പെടെ മതിയായ ചികിൽസ ലഭിക്കാത്ത അവസ്ഥയാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിങ്.
പ്രതിരോധ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥ വൃന്ദത്തെയല്ല മറിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയന്ത്രിക്കേണ്ടതെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. കൊവിഡ് ബാധിതരായ ബിജെപി എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പോലും ശരിയായ ചികിൽസ ലഭിക്കുന്നില്ല. സിസ്റ്റത്തിന്റെ പരാജയമാണ് ഇത് തെളിയിക്കുന്നത്. ബിജെപി എംഎല്‍എമാര്‍ പോലും ശരിയായ ചികിൽസ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും സിങ് പറഞ്ഞു. ബൈരിയയിലെ വസിതിയ്ക്ക് സമീപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12,17,955 പേരാണ് ഉത്തര്‍ പ്രദേശില്‍ ആകെ കൊവിഡ് ബാധിതരായത്. 12,241 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചരണം നടത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നടതക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ ഓക്‌സിജന്‍, മരുന്ന്,കിടക്ക ക്ഷാമം സംബന്ധിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇതിനോടകം പുറത്തു വന്നത്.
കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗിയായ മകന് റെംഡെസിവര്‍ മരുന്ന് ലഭിക്കാന്‍ വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ പിടിച്ചു അപേക്ഷിക്കുന്ന ഒരമ്മയുടെ ചിത്രം പുറത്തു വന്നത്. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ മരിക്കുകയും ചെയ്തു. നൊയ്ഡയിലായിരുന്നു ഈ സംഭവം നടന്നത്. ആഗ്ര, ലഖ്നോ, അലഹബാദ് തുടങ്ങിയിടങ്ങളിലും കൊവിഡ് രോഗികളുടെ ദുരവവസ്ഥയ്ക്ക് കുറവില്ല.
കൊവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തു മൂലം പ്രാണവായു നല്‍കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രവും നേരത്തെ പുറത്തു വന്നിരുന്നു. രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് മരിച്ചത്.
