ബംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു (വീഡിയോ)

ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയലുവുകയും കെട്ടിടം ചെറിയ തോതില്‍ ചരിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെയുള്ളവര്‍ മാറിത്താമസിച്ചിരുന്നു. അതിനാലാണ് വന്‍ദുരന്തമൊഴിവായത്.

Update: 2021-10-13 11:46 GMT

ബംഗളൂരു: ബംഗളൂരുവിലെ കമലാ നഗറില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. സമീപത്തുണ്ടായിരുന്നു ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തകര്‍ന്ന കെട്ടിടത്തിന്റെ തറക്കല്ലിന് ബലക്ഷയമുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണതെന്നും ബംഗളൂരു കോര്‍പറേഷന്‍ പറഞ്ഞു. ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയല്‍ അനുഭവപ്പെടുകയും കെട്ടിടം ചരിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെയുള്ളവര്‍ മാറിത്താമസിച്ചിരുന്നു. അതിനാലാണ് വന്‍ദുരന്തമൊഴിവായത്.

കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗളുരുവില്‍ മാത്രം ഒരാഴ്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. കസ്തൂരി നഗറിലെ അഞ്ച് നിലയുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചരിഞ്ഞിരുന്നു. ഒരു ദിവസം മുമ്പാണ് ബെലഗാവിയിലെ ബാദല്‍അങ്കല്‍ഗി ഗ്രാമത്തില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്.

ബംഗളൂരുവില്‍ മഴ തുടരുന്നതിനിടെ കര്‍ണാടക തലസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി മറ്റൊരു പാര്‍പ്പിട സമുച്ഛയ കെട്ടിടം ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


 സപ്തംബര്‍ 27 ന് ബംഗളൂരുവിലെ ലക്കസാന്ദ്ര പ്രദേശത്ത് 70 വര്‍ഷം പഴക്കമുള്ള കെട്ടിടം നിലംപൊത്തിയപ്പോള്‍ 50 ഓളം പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് തകര്‍ന്ന ഫഌറ്റില്‍ താമസിച്ചിരുന്നവരെയും ചുറ്റുപാടില്‍ താമസിക്കുന്നവരെയും മറ്റൊരിടത്തേക്കാണ് മാറ്റിയത്.


 കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണക്രമീകരണവും ഒരുക്കിയിട്ടുണ്ട്- ബൃഹത് ബംഗളൂരു മഹാനഗര്‍ പാലിക പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടം അപകടകരമായി മാറിയതിനാല്‍ പൊളിക്കുമെന്ന് ബിബിഎംപി നേരത്തെ പറഞ്ഞിരുന്നു.

 


കഴിഞ്ഞമാസം ബിബിഎംപിയുടെ ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത ബംഗളൂരുവിലെ രണ്ട് കെട്ടിടങ്ങളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജീര്‍ണിച്ച കെട്ടിടങ്ങളുടെ സര്‍വേ വീണ്ടും നടത്താന്‍ ഉത്തരവിട്ടിരുന്നു.

Tags: