യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിക്ക് നൊബേല്‍ പുരസ്‌കാരം; വിമര്‍ശനവുമായി യെമനിലെ ഹൂഥി വിമതര്‍

Update: 2020-10-10 02:25 GMT

സന്‍ആ: ആഗോളതലത്തില്‍ പട്ടിണിക്കെതിരായ പോരാട്ടത്തിനു ഐക്യരാഷ്ട്ര സമിതിക്കു കീഴിലുള്ള ലോക ഭക്ഷ്യ പദ്ധതി(ഡബ്ല്യുഎഫ്പി)ക്കു നൊബേല്‍ പുരസ്‌കാരം നല്‍കിയതിനെതിരേ വിമര്‍ശനവുമായി യെമനിലെ ഹൂഥി വിമതര്‍ രംഗത്ത്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ക്ഷാമം ഇല്ലാതാക്കുന്നതില്‍ ലോക ഭക്ഷ്യ പദ്ധതി പരാജയപ്പെട്ടെന്ന് ഷിയ അനുകൂലികളായ യെമനിലെ ഹൂഥി വിമതര്‍ ആരോപിച്ചു. ഡബ്ല്യുഎഫ്പി തിരഞ്ഞെടുത്ത ഏറ്റവും വലിയ ദൗത്യത്തില്‍ വന്‍ പരാജയമാണ്. ഇപ്പോഴും പട്ടിണി നേരിടുകയാണെന്നും ഹൂഥി വക്താവ് തലാത്ത് അല്‍-ഷര്‍ജാബി വെള്ളിയാഴ്ച എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിരവധി പേരാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. മാത്രമല്ല മാനുഷിക സഹായ വിതരണത്തിന്റെ കാര്യത്തിലും ഡബ്ല്യുഎഫ്പി പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 2014 അവസാനത്തോടെ ഹൂഥികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുക്കുകയും മുന്‍ പ്രസിഡന്റ് അബ്ദുല്‍ റബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷം യെമനില്‍ വന്‍തോതില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്.

    2015 മാര്‍ച്ചില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും ഇടപെട്ടു. ഇതിനുശേഷം വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ 20,000 ത്തിലധികം വ്യോമാക്രമണങ്ങള്‍ നടത്തി. സ്‌കൂളുകള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെയുള്ളവ തകര്‍ന്നു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി എന്ന് യുഎന്‍ വിശേഷിപ്പിക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തി.

    ഏകദേശം 24 ദശലക്ഷം പേര്‍ സഹായം തേടാന്‍ നിര്‍ബന്ധിതരാവുകയും 10 ദശലക്ഷം പേര്‍ ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. ഓരോ മാസവും 13 ദശലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാനാണ് യുഎന്നിനു കീഴിലുള്ള ഡബ്ല്യുഎഫ്പി പദ്ധതിയിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ ഹൂത്തികള്‍ ഭക്ഷണം വഴിതിരിച്ചുവിടുന്നുവെന്ന് ആരോപിച്ച് ഡബ്ല്യുഎഫ്പി കഴിഞ്ഞ വര്‍ഷം ഹൂഥികളുടെ കൈവശമുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഡബ്ല്യുഎഫ്പി ഒരു ബയോമെട്രിക് രജിസ്‌ട്രേഷന്‍ പദ്ധതിക്ക് ശ്രമിച്ചെങ്കിലും 2019 ആഗസ്തില്‍, ഗുണഭോക്താക്കളെ സംബന്ധിച്ച് ഹൂഥികള്‍ ഉറപ്പുനല്‍കിയ ശേഷം വിതരണം പുനരാരംഭിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ഈമാസം ഹൂഥി സേന ടണ്‍ കണക്കിന് ഭക്ഷ്യസഹായങ്ങള്‍ നശിപ്പിച്ചിരുന്നു. യെമനിലെ മൂന്നാമത്തെ നഗരമായ തായ്സിലെ കുടുംബങ്ങള്‍ക്ക് എത്തിക്കാനാണ് ഇവ കൊണ്ടുപോയതെന്നും മാസങ്ങളോളം ഒരു ചെക്ക് പോയിന്റില്‍ തടഞ്ഞുവച്ചെന്നും യുഎന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

    യുഎസില്‍ നിന്നുള്ള ധനസഹായം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഈയിടെ ചില പദ്ധതികള്‍ കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ സഹായം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. അതേസമയം, യുഎന്‍ ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലിയുടെ നേതൃത്വത്തിലുള്ള പദ്ധതിയെ യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ നൊബേല്‍ പുരസ്‌കാരം നല്‍കിയതിനെ സ്വാഗതം ചെയ്തു.

Yemen's Houthis slam World Food Programme's Nobel Peace Prize win




Tags:    

Similar News