ജഗന്‍ മോഹന്റെ മന്ത്രിസഭയില്‍ ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍

എല്ലാ വിഭാഗത്തില്‍നിന്നും മതത്തില്‍നിന്നുമുള്ള ആളുകള്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ജഗനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

Update: 2019-06-07 15:58 GMT

അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. വിവിധ മതങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയും സത്യപ്രതിജ്ഞയ്ക്ക് സര്‍വ മത പ്രാര്‍ഥന ഉള്‍പ്പെടുത്തിയും കൈയടി നേടിയ ജഗന്‍ മോഹന്‍ ഇക്കുറി അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് എല്ലാ വിഭാഗക്കാര്‍ക്കും മതിയാ പ്രാതിനിധ്യം നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍. ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തന്റെ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും ജഗന്‍ വ്യക്തമാക്കി. 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമറിയിച്ചത്. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ.

എല്ലാ വിഭാഗത്തില്‍നിന്നും മതത്തില്‍നിന്നുമുള്ള ആളുകള്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ജഗനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളും യുവ എംഎല്‍എമാരും അടങ്ങുന്നതായിരിക്കും മന്ത്രിസഭയെന്നും ജഗന്‍മോഹന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിമാര്‍ ആരൊക്കെയായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ജനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരും അഴിമതി നടത്തരുതെന്നും ജഗന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തര്‍ക്കും ഉള്ളതെന്നും ജനങ്ങളോടുള്ള ഇടപെടലുകളില്‍ സുതാര്യത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags: