ബ്രിജ്ഭൂഷണ്‍ സ്ഥാനമൊഴിയുമെന്ന കായികമന്ത്രിയുടെ ഉറപ്പ്; ഗുസ്തി താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചു

Update: 2023-01-21 04:45 GMT

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഇന്ത്യന്‍ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണിനെ മാറ്റിനിര്‍ത്തുമെന്ന അനുരാഗ് താക്കൂറിന്റെ ഉറപ്പ് കണക്കിലെടുത്താണ് താരങ്ങള്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തയ്യാറായത്. ട്വിറ്റര്‍ വഴിയാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്. ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച സമിതിയുടെ അന്വേഷണത്തോട് സിങ് സഹകരിക്കുമെന്നും ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി നിരീക്ഷണ സമിതിയെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

സമിതി അംഗങ്ങളെ നാളെ തീരുമാനിക്കും. സമിതി നാലാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നാല് ആഴ്ചത്തേയ്ക്ക് ബ്രിജ്ഭൂഷണ്‍ മാറിനില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചെന്നും അതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും ജന്തര്‍ മന്തറില്‍ സത്യഗ്രഹം നടത്തുന്ന കായികതാരങ്ങള്‍ അറിയിച്ചു. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചത്.

ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്തു നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് ഗുസ്തി താരം ബജ്‌റങ് പുനിയ പറഞ്ഞു. അനുരാഗ് താക്കൂറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച നടന്നത്.

Tags:    

Similar News