വരാനിരിക്കുന്നത് എന്ത്? വാഹനവിപണി കൂപ്പുകുത്തുന്നു; 3.5ലക്ഷം പേരെ പിരിച്ചുവിട്ടു

നിരവധി നിര്‍മാണകമ്പനികള്‍ തങ്ങളുടെ വാഹനനിര്‍മാണ പ്ലാന്റുകള്‍ നിര്‍ത്തിവച്ചതായും ചിലത് ജോലിസമയം വെട്ടിക്കുറച്ചതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനനിര്‍മാണ കമ്പനികള്‍ക്കു പുറമെ വാഹന സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ കമ്പനികളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് റിപോര്‍ട്ട്. വാഹനവിതരണക്കാരുടെ അവസ്ഥയും മറിച്ചല്ല.

Update: 2019-08-07 12:26 GMT

ന്യൂഡല്‍ഹി: വിപണി കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ വാഹനനിര്‍മാണ കമ്പനികളില്‍ നിന്നും എപ്രില്‍ മുതല്‍ പിരിച്ചുവിട്ടത് 3.5ലക്ഷം ജീവനക്കാരെയെന്ന് റിപോര്‍ട്ട്. കച്ചവടമാന്ദ്യത്തെ തുടര്‍ന്ന് കാര്‍, മോട്ടോര്‍ സൈക്കിള്‍ വാഹനനിര്‍മാണ മേഖലയില്‍ നിന്നുമാണ് ഇത്രയും പേരെ പിരിച്ചുവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

നിരവധി നിര്‍മാണകമ്പനികള്‍ തങ്ങളുടെ വാഹനനിര്‍മാണ പ്ലാന്റുകള്‍ നിര്‍ത്തിവച്ചതായും ചിലത് ജോലിസമയം വെട്ടിക്കുറച്ചതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനനിര്‍മാണ കമ്പനികള്‍ക്കു പുറമെ വാഹന സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ കമ്പനികളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് റിപോര്‍ട്ട്. വാഹനവിതരണക്കാരുടെ അവസ്ഥയും മറിച്ചല്ല.

നേരത്തെ വാഹനനിര്‍മാണ മേഖലകളില്‍ നിന്നും 15000ലധികം ജീവനക്കാരെയും വാഹന സ്‌പെയര്‍പാര്‍ട്‌സ് മേഖലയില്‍ നിന്നും ഒരുലക്ഷം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ പലപ്രമുഖ കാര്‍, മോട്ടോര്‍ സൈക്കിള്‍ കമ്പനികളും പിരിച്ചുവിട്ടിരിക്കുന്നത് അവരുടെ താല്‍ക്കാലിക ജീവനക്കാരെയാണ്. വിപണി ഇനിയും കൂപ്പുകുത്തുകയാണെങ്കില്‍ സ്ഥിരംജീവനക്കാര്‍ക്കെതിരേ കടുത്ത തീരുമാനങ്ങളായിരിക്കും കമ്പനികള്‍ എടുക്കുകയെന്നാണ് റിപോര്‍ട്ടിലുള്ളത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 18.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലെ വാഹന വില്‍പ്പന 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ വികലമായ നികുതിപരിഷ്‌കാരങ്ങളാണ് വാഹനവിപണി കൂപ്പുകുത്തിയതിന് കാരണമായി വിദഗ്ധര്‍ പറയുന്നത്. കൂടാതെ വാഹനമേഖല തകരുന്നത് മോദി സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. വാഹനമേഖല സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തിലാണെന്ന് ആട്ടോമോട്ടീവ് കോംപണെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത്ത പറഞ്ഞു.

നേരത്തെ, രാജ്യത്ത് വാഹന വില്‍പ്പനയിലെ ഇടിവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഓട്ടോ പാര്‍ട്‌സ് വ്യവസായ മേഖലയിലെ 50 ലക്ഷം തൊഴിലാളികളില്‍ 10 ലക്ഷം പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Tags:    

Similar News