ലോകകപ്പ് ഫുട്‌ബോള്‍: ദുബയ്, ദോഹ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ ദിവസേന യാത്ര ചെയ്യുന്നത് 6,800 ലധികം പേര്‍

Update: 2022-11-29 09:22 GMT

ദുബയ്: ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബയ്, ദോഹ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ ദിവസേന 6,800 ലധികം പേര്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് മേധാവി ലഫ്റ്റ്‌നന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി കൈകോര്‍ത്ത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദുബയ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്ക് പുറമേ സ്‌പെഷ്യല്‍, മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ അടക്കം ദുബയില്‍ നിന്ന് ദിനേനെ നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് പറക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബയ് സ്‌പോര്‍ട്‌സ് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫുട്ബാള്‍ കാണികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം ദുബയില്‍ നിലവിലുണ്ട്.

ജോര്‍ദാന്‍ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വിസ അനുവദിച്ചത്. ദുബയ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാന്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ തന്നെ എയര്‍പോര്‍ട്ടില്‍ നിയോഗിച്ചിട്ടുണ്ടെന്ന് അല്‍ മര്‍റി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നത്. ഫുട്ബാള്‍ പ്രേമികള്‍ക്കും ദുബയിലെ പുതുവത്സരാഘോഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആകര്‍ഷകമായ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നല്‍കുന്നതിന് ഒരുക്കം പൂര്‍ത്തിയായതായി ലഫ്. ജനറല്‍ അറിയിച്ചു.

Tags:    

Similar News