വര്‍ക്ക് ഫ്രം ഹോം അവകാശമാക്കാന്‍ ഒരുങ്ങി ഈ യൂറോപ്യന്‍ രാജ്യം

നിലവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് പ്രത്യേക വിശദീകരണമൊന്നും നല്‍കാതെ തന്നെ നിഷേധിക്കാനാവും. എന്നാല്‍, പുതിയ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിര്‍ബന്ധമായും പരിഗണിക്കുകയും നിഷേധിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തുകയും വേണം.

Update: 2022-07-11 10:21 GMT

ആംസ്റ്റര്‍ഡാം: വീട്ടിലിരുന്ന് ജോലി (വര്‍ക്ക് ഫ്രം ഹോം) ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സ്. ഇതുസംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. സെനറ്റിന്റെ അംഗീകാരംകൂടി ലഭിക്കുന്നതോടെ ഇതു നിയമമായി മാറും.

നിലവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് പ്രത്യേക വിശദീകരണമൊന്നും നല്‍കാതെ തന്നെ നിഷേധിക്കാനാവും. എന്നാല്‍, പുതിയ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിര്‍ബന്ധമായും പരിഗണിക്കുകയും നിഷേധിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തുകയും വേണം.

നെതര്‍ലന്‍ഡ്‌സില്‍ നിലവിലുള്ള 2015 ലെ ഫ്‌ളെക്‌സിബിള്‍ വര്‍ക്കിങ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്. തൊഴില്‍ സമയത്തിലും ജോലി ചെയ്യുന്ന സ്ഥലം അടക്കമുള്ളവയിലും മാറ്റംവരുത്താന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്നതാണ് ഈ നിയമം.

ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. കൊവിഡ് പശ്ചാത്തലത്തില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫിസുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കമ്പനികള്‍ ശ്രമം നടത്തുന്നതിനിടെയാണ് നെതര്‍ലന്‍ഡ്‌സില്‍ തൊഴില്‍ നിയമ ഭേദഗതിക്കുള്ള നീക്കം. ടെസ്‌ല അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ തിരികെ ഓഫിസില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാര്‍ ഉടന്‍ ജോലിസ്ഥലത്ത് തിരിച്ചെത്തുകയോ അല്ലാത്തപക്ഷം കമ്പനി വിടുകയോ ചെയ്യണമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, പുതിയ നിയമഭേദഗതി കമ്പനികളുടെ പ്രതിഷേധത്തിന് കാരണമാകുമെന്നും റിപോര്‍ട്ടുകളുണ്ട്. വിവിധ കമ്പനികളിലെ 14 ശതമാനം ജീവനക്കാരും നിലവില്‍ ഓഫീസില്‍ എത്താതെയാണ് ജോലിചെയ്യുന്നത്. 2020 ല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് ജീവനക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

Tags: