കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, ചര്‍ച്ചയ്ക്ക് തയ്യാര്‍; നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി

Update: 2021-07-08 15:59 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ പുനസ്സംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് പ്രതികരണം. കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരണം. പ്രതിസന്ധി പരിഹരിച്ച് കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാരും യൂനിയനുകളും തമ്മില്‍ 11 റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

അവസാനത്തേത് ജനുവരി 22 നായിരുന്നു. ജനുവരി 26ന് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ചര്‍ച്ച പുനരാരംഭിച്ചിട്ടില്ല. കര്‍ഷകരോട് പ്രതിഷേധം അവസാനിപ്പിക്കാനും ഞങ്ങളുമായി ചര്‍ച്ച നടത്താനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്- തോമര്‍ പറഞ്ഞു. കാര്‍ഷിക ഉല്‍പാദന മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ശക്തിപ്പെടുത്തും.

ഫാര്‍മേഴ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ അനുവദിച്ച ഒരുലക്ഷം കോടി രൂപ എപിഎംസികള്‍ വഴി കര്‍ഷകര്‍ക്ക് വിനിയോഗിക്കാന്‍ കഴിയും. എപിഎംസികള്‍ ഇല്ലാതാക്കില്ല. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ ശേഷം എപിഎംസികള്‍ക്ക് കേന്ദ്രത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍നിന്ന് കോടിക്കണക്കിന് രൂപ ലഭിക്കും. അത് അവരെ ശക്തിപ്പെടുത്തും. ഇത് കൂടുതല്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാവും. നാളികേര ബോര്‍ഡ് പുനസ്സംഘടിപ്പിക്കും. അധ്യക്ഷസ്ഥാനത്ത് കര്‍ഷകസമൂഹത്തില്‍നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: