ഭയപ്പെടില്ല, ബിജെപിയെ തുടച്ചുനീക്കും വരെ പോരാടും: അഭിഷേക് ബാനര്‍ജി

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതുകൊണ്ടെല്ലാം ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാവുകയേയുള്ളു.

Update: 2021-08-28 15:33 GMT

കൊല്‍ക്കത്ത: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നോട്ടിസില്‍ ഭയപ്പെടില്ലെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇഡി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതുകൊണ്ടെല്ലാം ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാവുകയേയുള്ളു. ബിജെപിയെ രാജ്യത്തുനിന്നും തുടച്ചുനീക്കുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

ബിജെപി രാജ്യത്തെ ജനാധിപത്യത്തെ കൊല്ലുകയാണെന്നും ബാനര്‍ജി കുറ്റപ്പെടുത്തി. ജനാധിപത്യം കൊലചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലെത്തി അവിടെയുള്ള ജനങ്ങള്‍ക്കായി തൃണമൂല്‍ പോരാടും. ഞങ്ങളെ നിശബ്ദരാക്കാമെന്ന് ബിജെപി കരുതണ്ട. പാര്‍ട്ടി ഒന്നിനേയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടിസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയോട് സെപ്തംബര്‍ ആറിനും ഭാര്യയോട് സെപ്തംബര്‍ ഒന്നിനും ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നത്.