ബലാല്‍സംഗം വര്‍ധിക്കുന്നതിനിടെ 'ലൗ ജിഹാദ്' ചര്‍ച്ച: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ-മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിക്കാഴ്ചയ്‌ക്കെതിരേ വിമര്‍ശനം

Update: 2020-10-21 06:42 GMT

മുംബൈ: സംസ്ഥാനത്തു ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതിനിടെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും തമ്മിലുള്ള 'ലൗ ജിഹാദ്' ചര്‍ച്ചയ്‌ക്കെതിരേ വിമര്‍ശനം. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമാണ് 'ലൗ ജിഹാദ്' സംബന്ധിച്ച ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളും 'ലൗ ജിഹാദ്' കേസുകളും വര്‍ധിക്കുന്നതായും രണ്ടാമത്തേതില്‍ ശ്രദ്ധ ആവശ്യമാണെന്നും രേഖ ശര്‍മ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിലും കടുത്ത വിമര്‍ശനമാണുയരുന്നത്.

    'ഞങ്ങളുടെ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൊവിഡ് സെന്ററുകളില്‍ വനിതാ രോഗികളെ പീഡിപ്പിക്കല്‍, ബലാല്‍സംഗം, 'ലൗ ജിഹാദു'കളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മഹാരാഷ്ട്ര ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു' എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ ട്വീറ്റ് ചെയ്തത്. ഇത് അതിക്രൂരമാണെന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണകൂട നിസംഗതയ്ക്കൊപ്പം അസഹിഷ്ണുതയും വളരുന്നുവെന്നും ഒരു മതത്തെ ലക്ഷ്യമാക്കി 'ലൗ ജിഹാദ്' എന്ന പദം ഉപയോഗിക്കുന്നത് ഭരണഘടനാപരമാണോ?' എന്നും ചിലര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

     'ലൗ ജിഹാദ്' എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് വനിതാ കമ്മീഷനും അധ്യക്ഷയും വ്യക്തമാക്കുമോ? ചില തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്യുന്ന അതേ അര്‍ത്ഥത്തിലാണ് നിങ്ങള്‍ ഇത് ഉപയോഗിക്കുന്നത്? അങ്ങനെയാണെങ്കില്‍, നിങ്ങള്‍ അവരെ അംഗീകരിക്കുകയാണോ? എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ കമ്മന്റ്. 'മിശ്ര വിവാഹിതരായ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയുമോ' എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ചോദ്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ 'ലൗ ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. മിശ്രവിവാഹിതരുടെ വിവാഹങ്ങളെ 'ലൗ ജിഹാദെ'ന്ന് മുദ്രകുത്തുന്ന ഹിന്ദുത്വ വാദം കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തിലൂടെ പൊളിഞ്ഞിരുന്നു. രേഖാ ശര്‍മ 2012, 2014 മുതലുള്ള ചില ട്വീറ്റുകള്‍ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കിട്ടു. ഇതില്‍ രേഖാ ശര്‍മ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെയും അരവിന്ദ് കെജ്രിവാളിനെയും ഉള്‍പ്പെടെയുള്ളവരെ പരിഹസിക്കുന്നതു കാണാം.

    എന്നാല്‍, വിമര്‍ശനങ്ങള്‍ ശക്തമായതോടെ രേഖാ ശര്‍മ തന്റെ പ്രൊഫൈല്‍ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തിയതിനാല്‍ അവരുടെ മുന്‍കാല ട്വീറ്റുകള്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. ''എന്റെ അക്കൗണ്ടില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഞാന്‍ ട്വിറ്ററിനു പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷണത്തിലാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. രേഖാ ശര്‍മയെ നീക്കം ചെയ്യണമെന്നത് ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗുകളിലൊന്നായി മാറിയിട്ടുണ്ട്.

Women's Panel Chief-Maharashtra governer discussion In 'Love Jihad' Row




Tags: