വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ കസ്റ്റഡിയില്‍

കലാപം ലക്ഷ്യമിട്ടാണ് യുവതികളെത്തിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇവരെ തടഞ്ഞത്.

Update: 2019-01-07 17:09 GMT

പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എരുമേലി വാവര്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ പാലക്കാട്ടുനിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനികളായ സുശീലാദേവി (35), രേവതി (39), തിരുെനല്‍വേലി സ്വദേശിനി ഗാന്ധിമതി (51) എന്നിവരെയാണ് പോലിസ് പിടികൂടിയത്.

ഇവര്‍ കേരളത്തിലേക്ക് കടക്കാനൊരുങ്ങവെ പാലക്കാട് കൊഴിഞ്ഞാംപാറ വേലന്താവളം ചെക്‌പോസ്റ്റില്‍ വച്ചാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദു മക്കള്‍കക്ഷിയില്‍പ്പെട്ടവരാണ് പിടിയിലായവര്‍. സുശീലാദേവിയാണ് സംഘത്തിന്റെ നേതാവ്. ഇവരോടൊപ്പം തിരുപ്പതി, മുരുകസ്വാമി, ശെന്തില്‍ എന്നീ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവരെത്തിയത്. കലാപം ലക്ഷ്യമിട്ടാണ് യുവതികളെത്തിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇവരെ തടഞ്ഞത്.

പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി യുവതികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പോലിസ് അറിയിച്ചു.

ഹിന്ദുമക്കള്‍ കക്ഷികളില്‍പ്പെട്ടവര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് തീര്‍ഥാടകരുടെ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യവാഹനങ്ങളുമടക്കം തടഞ്ഞ് പോലിസ് വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍, വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാര്‍ എത്താതെ പാലക്കാട് അതിര്‍ത്തിയില്‍ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതറിഞ്ഞ പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അതിനിടെ, ശബരിമലയിലേക്ക് ശ്രീലങ്കയില്‍നിന്നെത്തിയ തീര്‍ത്ഥാടകസംഘത്തിലെ വനിതയെ നിലയ്ക്കലില്‍ പോലിസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് പോലിസ് അറിയിച്ചു. മുമ്പ് മൂന്നുതവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോലിസിനെ കാണിച്ചെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചില്ല. 70 അംഗ തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെട്ട ഇവരെ നിലയ്ക്കലിലെ പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

Tags:    

Similar News