കൊല്ലത്ത് പോലിസ് സ്റ്റേഷനില്‍ പരാതിക്കാരുടെ മുന്നില്‍ വനിതാ എസ്‌ഐമാര്‍ ഏറ്റുമുട്ടി

ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ തമ്മില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നു.

Update: 2021-08-03 17:11 GMT

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വനിതാ പോലിസ് സ്റ്റേഷനില്‍ എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു വനിതാ പോലിസ് എസ്‌ഐക്ക് പരിക്കേറ്റു. പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ പരസ്യമായിട്ടായിരുന്നു ഇവരുടെ ഏറ്റുമുട്ടല്‍. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഫാത്തിമ, മറ്റൊരു എസ്‌ഐ ഡെയ്‌സി എന്നിവരാണ് അടിപിടി കൂടിയത്. എസ്‌ഐ ഫാത്തിമക്കാണ് പരിക്കേറ്റത്.

ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിന് തൊട്ടടുത്താണ് സ്റ്റേഷന്‍. പോലിസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ തമ്മില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നു. ഫാത്തിമക്കായിരുന്നു എസ്‌ഐ, എസ്എച്ച്ഒ ചുമതല. തിരഞ്ഞെടുപ്പു സമയത്ത് ഡെയ്‌സിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവരെ പിന്നീട് കൊട്ടാരക്കരയില്‍ തന്നെ നിയമിച്ച് ഉത്തരവിറങ്ങി.

രാവിലെ മുതല്‍ ഇരുവരും സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടങ്ങി. ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി വാശിപിടിക്കുകയും മേശപൂട്ടി താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം കൈയാങ്കളിയായി. സംഘട്ടനത്തില്‍ കൈക്ക് പൊട്ടലേറ്റ ഫാത്തിമ ആശുപത്രിയില്‍ ചികില്‍സ തേടി.