പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയുടെ അറസ്റ്റ് അന്യായം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അധികാരികള്‍ ആര്‍ക്ക് വേണ്ടിയാണ് സന്ദര്‍ശന നാടകങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണം.

Update: 2020-08-13 15:15 GMT

കൊച്ചി: മൂന്നാര്‍ പെട്ടിമുടി സന്ദര്‍ശിക്കാന്‍ ആവശ്യം ഉന്നയിച്ച പെമ്പിളെ ഒരുമൈ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജി ഗോമതിയെ അറസ്റ്റ് ചെയ്ത നടപടി അന്യായവും പോലിസിന്റെ ധിക്കാരവുമാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. മുന്നാര്‍ തോട്ടം തൊഴിലാളികളുടെ ദയനീയമായ സാഹചര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ട് വന്നവരാണ് പെമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍. കേരളത്തിന്റെ മലയോര മേഖലയുള്‍പ്പെടെ മനോഹര ഭൂമിയും സമ്പത്തും കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ തന്നെ ദരിദ്രരായ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ തയ്യാറാകാതെ തൊഴിലാളികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍.

തോട്ടം തൊഴിലാളികള്‍ അന്തിയുറങ്ങുന്ന പെട്ടിമുടിയിലെ അതിദയനീയമായ സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകേണ്ടതുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അധികാരികള്‍ ആര്‍ക്ക് വേണ്ടിയാണ് സന്ദര്‍ശന നാടകങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണം. തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അവിടത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഗോമതിയുടെ പരാതി കേള്‍ക്കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്ത് നടപടി കേരളത്തിലെ മുഴുവന്‍ തൊഴിലാളികളോടുമുള്ള അനീതിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 

Tags: