50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതിയില്ല

Update: 2020-12-04 06:35 GMT
തിരുവനന്തപുരം: 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതിയില്ലന്ന് വ്യക്തമാക്കി സര്‍ക്കാരിന്റെ പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. ദര്‍ശനത്തിന് ബുക്ക് ചെയ്യാനുള്ള പുതിയ നിര്‍ദേശത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റം വ്യക്തമാക്കിയത്. ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് 5ന് ആണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയത്.


സുപ്രിം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ആദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ഇന്നലെ മുതല്‍ ജനുവരി 19 വരെയുള്ള ദിവസങ്ങളില്‍ 44,000 പേര്‍ക്കായിരുന്നു ദര്‍ശനത്തിന് ബുക്ക് ചെയ്യാന്‍ അവസരം.