സ്വാമി ചിന്മയാനന്ദിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയ നിയമ വിദ്യാര്‍ഥിനിക്കു പരീക്ഷാവിലക്ക്

എല്‍എല്‍എം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ യുവതിയെയാണ് ഹാജര്‍ കുറവാണെന്നു പറഞ്ഞ് പരീക്ഷയെഴുതുന്നത് തടഞ്ഞത്

Update: 2019-11-26 17:33 GMT

ലക്‌നോ: ബിജെപി നേതാവും എംപിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ബലാല്‍സംഗക്കേസ് കൊടുത്ത നിയമവിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. എല്‍എല്‍എം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ യുവതിയെയാണ് ഹാജര്‍ കുറവാണെന്നു പറഞ്ഞ് പരീക്ഷയെഴുതുന്നത് തടഞ്ഞത്. തിങ്കളാഴ്ച കനത്ത സുരക്ഷയില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ 23കാരിയെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നാണ് ജ്യോതിബായി ഫൂലെ റോഹില്‍ഖണ്ഡ് സര്‍വകലാശാല അധികൃതര്‍ വിലക്കിയത്. പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്നും പെണ്‍കുട്ടിക്ക് മതിയായ ഹാജരില്ലെന്നുമാണ് അധികൃതര്‍ വാദം. ബലാല്‍സംഗക്കേസ് നല്‍കിയ ശേഷം, സ്വാമി ചിന്മായന്ദിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഷാജഹാന്‍പൂര്‍ ജയിലിലടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജയിലില്‍ നിന്നാണ് പരീക്ഷയ്‌ക്കെത്തിയത്. പെണ്‍കുട്ടിക്ക് പരീക്ഷയെഴുതാന്‍ കോടതിയില്‍നിന്ന് പ്രത്യേക ഉത്തരവില്ലെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

    72 കാരനായ സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഉത്തര്‍പ്രദേശില്‍ ഏറെ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തറിയിച്ചത്. എന്നാല്‍, ആദ്യമൊന്നും ചിന്മായനന്ദിനെ അറസ്റ്റ് ചെയ്യാന്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാരിലെ പോലിസ് തയ്യാറായിരുന്നില്ല. ദൃശ്യങ്ങളടങ്ങുന്ന തെളിവുകള്‍ പെണ്‍കുട്ടി നല്‍കിയതോടെ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്‌തെങ്കിലും, ചിന്മായനന്ദിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പെണ്‍കുട്ടിയെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാല്‍സംഗക്കുറ്റം ചുമത്തുന്നതിനു പകരം 376 സി വകുപ്പ് പ്രകാരം പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസാണ് ചിന്‍മയാനന്ദിനെതിരേ ചുമത്തിയത്. കേസില്‍ സ്വാമി ചിന്മയാനന്ദ് ഇപ്പോള്‍ റിമാന്റിലാണ്. പെണ്‍കുട്ടിക്കും മൂന്നു സുഹൃത്തുക്കളെയുമാണ് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റാന്‍ ശ്രമിച്ചെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.



Tags:    

Similar News