ഇസ് ലാം സ്വീകരിച്ചതിനു വധഭീഷണിയെന്ന് യുവതി

Update: 2019-09-14 17:40 GMT

ചെന്നൈ: ഇസ് ലാം സ്വീകരിച്ചതിനു വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. ഷഹീന്‍ സൈനബ് ഫാത്തിമയാണ് രക്ഷിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു തേവര്‍ പിരമലൈ കല്ലാര്‍ വിഭാഗത്തില്‍പെട്ടിരുന്ന കീര്‍ത്തന ദേവി എന്ന യുവതിയാണ് ഇസ് ലാം സ്വീകരിച്ച് ഷഹീന്‍ സൈനബ് ഫാത്തിമ എന്ന പേര് സ്വീകരിച്ചത്. കോളജ് പഠനത്തിനിടെ ഇസ് ലാം മതത്തെക്കുറിച്ചുള്ള പ്രത്യേക ഗവേഷണത്തിനു ശേഷം ഇസ്‌ലാം സ്വീകരിക്കാന്‍ സ്വമേധയാ തീരുമാനിച്ചതായിരുന്നു. എന്നാല്‍ കുടുംബത്തിനു മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ സപ്തംബര്‍ 11 വരെ അനധികൃതമായി തടഞ്ഞുവയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

    മാതാപിതാക്കളള്‍ക്ക് പിന്തുണയ്ക്കുന്ന പോലിസും ഉപദ്രവിച്ചതായി ഫാത്തിമ ആരോപിച്ചു. ഇതേത്തുടര്‍ന്ന് സപ്തംബര്‍ 12ന് വീട്ടില്‍ നിന്നിറങ്ങി ജംഇയ്യത്തുല്‍ അഹ്‌ലില്‍ ഖുര്‍ആന്‍ വല്‍ ഹദീസി(ജെഎക്യുഎഫ്)നെ സമീപിക്കുകയും അവര്‍ അഭയം നല്‍കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. എന്നിട്ടും കുടുംബത്തിന്റെ മാനഹാനിയെന്നു പറഞ്ഞ് മാതാപിതാക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി ആരോപിച്ചു. സംരക്ഷണം തേടി ഡിജിപിക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് പോലിസ് സംരക്ഷണം തേടി മധുരൈ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് ജി കെ ഇലന്തിരയന്‍ വാദം കേള്‍ക്കാനായി സപ്തംബര്‍ 16ലേക്ക് മാറ്റി.




Tags:    

Similar News