'വിവാഹ വാഗ്ദാനം നല്‍കി സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ കേസില്ല, ഇത് എന്ത് നിയമമാണ്?'; ചോദ്യവുമായി ഹൈക്കോടതി

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഈ പരാമര്‍ശം.

Update: 2022-06-02 09:37 GMT

കൊച്ചി: ബലാൽസംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗ വിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ ഒരു ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഈ പരാമര്‍ശം. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.

പിന്നാലെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്‌.

'376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവർക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം'- ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ബലാൽസംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗ വിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധി ന്യായത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.