ദലിതരെ കൂട്ടത്തോടെ കൈകാല്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി(വീഡിയോ)

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മജല്‍ഗാവില്‍ അസി. പോലിസ് സൂപ്രണ്ടായി നിയമിതയായ പ്രൊബേഷണറി ഐപിഎസ് ഓഫിസറായ ഭാഗ്യശ്രീ നവതാകെയെയാണ് സ്ഥലംമാറ്റിയത്

Update: 2019-12-09 02:11 GMT

Full View

മുംബൈ: 21 ദലിതരെ കൂട്ടത്തോടെ കൈകാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചെന്നു വെളിപ്പെടുത്തിയ വനിതാ പോലിസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മജല്‍ഗാവില്‍ അസി. പോലിസ് സൂപ്രണ്ടായി നിയമിതയായ പ്രൊബേഷണറി ഐപിഎസ് ഓഫിസറായ ഭാഗ്യശ്രീ നവതാകെയെയാണ് സ്ഥലംമാറ്റിയത്. ആറുമാസം മുമ്പ് ഇതേ ഉദ്യോഗസ്ഥ മുസ് ലിംകളെയും സമാനരീതിയില്‍ തല്ലിച്ചതച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

    പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം ഉപയോഗിച്ച് കള്ളക്കേസുകളെടുത്താണ് ദലിതരെ മര്‍ദ്ദിച്ചിരുന്നതെന്ന് വനിതാ ഉദ്യോഗസ്ഥ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് നടപടി. തന്റെ മുന്നിലുള്ള അഞ്ച്, ആറ് പേരോട് ഭാഗ്യശ്രീ നവതാകെ താന്‍ ചെയ്ത മര്‍ദ്ദനത്തെ കുറിച്ച് വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. തന്റെ മുന്നില്‍ ഇരിക്കുന്ന ഒരാളെ നോക്കി ഉദ്യോഗസ്ഥ മറാത്തി ഭാഷയിലാണ് സംസാരിക്കുന്നത്. 'ഞാന്‍ നിന്നെ വെറും നാലഞ്ചു തവണയാണ് മര്‍ദ്ദിച്ചത്. പക്ഷേ, ദലിതരെ ഞങ്ങള്‍ എങ്ങനെയാണ് മര്‍ദ്ദിച്ചതെന്നറിയാമോ. അവരുടെ കൈകാലുകള്‍ കെട്ടിയിട്ടാണ് തല്ലുന്നത്. ഇങ്ങനെ തല്ലിച്ചതച്ചാണ് പട്ടികജാതി, പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമത്തിനെതിരായ തന്റെ ദേഷ്യം പ്രകടിപ്പിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍, ദലിതരെയും മുസ് ലിംകളെ തല്ലിച്ചതച്ചത് ഏത് സംഭവത്തിലാണെന്നു ഉദ്യോഗസ്ഥ വ്യക്തമാക്കുന്നില്ല.

    യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) പരീക്ഷയില്‍ 125ാം റാങ്കുണ്ടായിട്ടും ഐപിഎസ് ഉദ്യോഗസ്ഥയാവേണ്ടി വന്നതിനാലുള്ള തന്റെ അസന്തുഷ്ടിയാണ് ഇത്തരം മര്‍ദ്ദനത്തിലൂടെ തീര്‍ക്കുന്നതെന്നും ഭാഗ്യശ്രീ നവതാകെ പറയുന്നുണ്ട്. 'ഞാന്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളതാണ്. ഒബിസി(മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗാര്‍ഥി 600ാം റാങ്ക് നേടിയിട്ടും ഐഎഎസ് ഉദ്യോഗസ്ഥനായെന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോ മഹാരാഷ്ട്ര ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനു കൈമാറിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മുംബൈയില്‍ പറഞ്ഞു.

    വീഡിയോ വൈറലായതോടെ തിങ്കളാഴ്ച സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ (എസ്‌ഐഡി) ഔറംഗബാദ് യൂനിറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചതായും സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഐജിപി) തല അന്വേഷണം നടത്തുന്നുണ്ടെന്നും പോലിസ് അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഭാഗ്യശ്രീ നവതാക്കെയുടെ മറുപടി.

Tags:    

Similar News