തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവതി പ്രസവിച്ചു

Update: 2024-05-29 14:13 GMT

തൃശൂര്‍: പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവതി പ്രസവിച്ചു. മലപ്പുറം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിച്ചു. ഈ സമയം തന്നെ പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് യുവതി എത്തിയിരുന്നു. ഉടന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരായ ദേവികയും പോണ്‍സിയും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസ്സിനുള്ളില്‍ തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. മാതാവും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. അടുത്തമാസമാണ് യുവതിയുടെ പ്രസവ തിയ്യതി അറിയിച്ചിരുന്നത്. ബസ് ജീവനക്കാരുടെയും യാത്രക്കാരുടേയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലാണ് യുവതിക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.

Tags: