കിടക്കയില്ല; യുവതി സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കിടക്കയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ജീവനക്കാരും അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് വരാന്തയില്‍ കഴിയേണ്ടിവന്ന യുവതി അവിടെവച്ച് പ്രസവിക്കുകയായിരുന്നു.

Update: 2019-08-20 06:57 GMT

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ ഗര്‍ഭിണി സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ പ്രസവിച്ചു. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കിടക്കയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ജീവനക്കാരും അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് വരാന്തയില്‍ കഴിയേണ്ടിവന്ന യുവതി അവിടെവച്ച് പ്രസവിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ഒരാള്‍ വീഡിയോ പകര്‍ത്തുകയും അത് പ്രാദേശികമാധ്യമപ്രവര്‍ത്തകന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പ്രസവശേഷമാണ് യുവതിയെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റിയത്. വെറും വരാന്തയില്‍ ചുവന്ന തുണി വിരിച്ച് യുവതി കിടക്കുന്നതും കുഞ്ഞിന് ജന്‍മം നല്‍കുന്നതും ദൃശ്യങ്ങളില്‍ കൃത്യമായി കാണാം. കുറച്ചുസമയത്തിനുശേഷം മറ്റൊരു സ്ത്രീ സഹായത്തിനെത്തുകയും കുഞ്ഞിനെ കൂടുതല്‍ തുണികൊണ്ട് മൂടിയെടുക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 2017ല്‍ നവജാത ശിശുക്കള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് ഈ ആശുപത്രിയിലായിരുന്നു. 2017 ജൂലൈയിലും ആഗസ്ത് 21നുമിടയില്‍ 460 പ്രസവങ്ങള്‍ നടന്നതില്‍ 49 നവജാത ശിശുക്കള്‍ മരിച്ചിരുന്നു. മരുന്നുകളുടെയും ഓക്‌സിജന്റെയും അഭാവമാണ് മരണകാരണമെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.


Tags:    

Similar News