ഡല്‍ഹിയില്‍ കൊവിഡ് ആശുപത്രിക്ക് പുറത്ത് ചികില്‍സ കിട്ടാതെ സ്ത്രീ മരണപ്പെട്ടു

'അവര്‍ എന്റെ അമ്മയെ കൊന്നു. ഞാന്‍ ഇപ്പോള്‍ അമ്മയെ എവിടെ കൊണ്ടുപോകും? ഞാന്‍ ഇവിടെ നിന്നുകൊണ്ട് മണിക്കൂറുകളോളം കാത്തിരുന്നു.

Update: 2021-04-27 15:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ആശുപത്രിക്ക് പുറത്ത് ഓട്ടോ റിക്ഷയില്‍ സ്ത്രീ ചികില്‍സകിട്ടാതെ മരിച്ചു. സ്ത്രീക്ക് അടിയന്തിര ചികില്‍സ ലഭിക്കാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകന്‍ പറഞ്ഞു.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് നടത്തുന്ന തെക്കന്‍ ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മുകുല്‍ വ്യാസ് എന്ന ഇരുപത്തെട്ടുകാരനാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവാവിന്റെ അമ്മയെ അഡ്മിറ്റ് ചെയ്യാനോ ചികില്‍സിക്കാനോ അധികൃതര്‍ തയ്യാറായില്ല. മൂന്ന് മണിക്കൂറിനുശേഷമാണ് യുവാവിന്റെ അമ്മ കിരണ്‍ വ്യാസ് (52) ശ്വാസംമുട്ടി മരിച്ചത്.

'അവര്‍ എന്റെ അമ്മയെ കൊന്നു. ഞാന്‍ ഇപ്പോള്‍ അമ്മയെ എവിടെ കൊണ്ടുപോകും? ഞാന്‍ ഇവിടെ നിന്നുകൊണ്ട് മണിക്കൂറുകളോളം കാത്തിരുന്നു. അപേക്ഷ ഫോം പൂരിപ്പിക്കാനടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അതിനിടയില്‍ അമ്മ ചികില്‍സ കിട്ടാതെ മരണപ്പെടുകയായിരുന്നുവെന്ന് മുകുല്‍ പറഞ്ഞു.

ചികിൽസ കിട്ടാതെ നിരവധി മരണങ്ങളാണ് ഇന്നുമാത്രം നടന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. മരണപ്പെടുന്നവരിൽ ഭൂരിഭാ​ഗവും നിർധന ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നുമുള്ള പഠനങ്ങളും പുറത്തുവരുന്നുണ്ട്.