മാമല്ലപുരത്ത് വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യവേ യുവതി കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ മാമല്ലപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജ്ഞാനത്തിനൊപ്പം എത്തിയതായിരുന്നു ജീവ. പ്രമുഖ തമിഴ് പിന്നണിഗായകനായ വേല്‍മുരുഗന്റെ സംഗീതപരിപാടി, വിവാഹസത്കാരത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വേദിയില്‍ തനിക്കൊപ്പം നൃത്തംചെയ്യാന്‍ കാണികളെയും വേല്‍മുരുകന്‍ ക്ഷണിച്ചതോടെ അവിടേക്ക് പോയവരില്‍ ജീവയുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തു. അതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കുഴഞ്ഞുവീണ ജീവയ്ക്ക് ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവ നൃത്തം ചെയ്യുന്നതിന്റെയും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.