പ്രസവം നിര്‍ത്താനാവശ്യപ്പെട്ട് ലേബര്‍ റൂമില്‍ യുവതിക്ക് ക്രൂര മര്‍ദനം; മെഡി.കോളജ് നഴ്‌സിനെതിരേ അന്വേഷണത്തിന് ഉത്തരവ്

Update: 2022-06-10 10:51 GMT

കല്‍പറ്റ: പ്രസവം നിര്‍ത്താനാവശ്യപ്പെട്ട് പൂര്‍ണ ഗര്‍ഭിണിയെ നഴ്‌സ് ക്രൂരമായി മര്‍ദിച്ചതായ പരാതിയില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മാനന്തവാടി മെഡി. കോളജിലാണ് പ്രസവം അടുത്തിരിക്കുന്ന സമയത്ത് പൂര്‍ണ ഗര്‍ഭിണിക്ക് നേരെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടക്കുമെന്ന് ഡിഎംഒ ഡോ. കെ സക്കീന തേജസ് ന്യൂസിനോട് പറഞ്ഞു.

തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയാണ് നഴ്‌സിന്റെ പീഡനത്തിനിരയായത്.മെഡി.കോളജ് സ്റ്റാഫ് നഴ്‌സ് അനീറ്റക്കെതിരയാണു പരാതി.

ഈ മാസം എട്ടിന് രാവിലെയാണ് യുവതിയെ പ്രസവത്തിനായി മെഡി. കോളജില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 1.30ന് പ്രസവം നടന്നു. പ്രസവ വേദന സഹിക്കാനാവാതെ വന്നതോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് അനീറ്റയോട് കാര്യം പറഞ്ഞു. നഴ്‌സ് ശ്രദ്ധിച്ചില്ല. കുട്ടിയുടെ തല പുറത്തേക്കു വന്നപ്പോഴും നഴ്‌സ് മൊബൈല്‍ ഉപയോഗത്തിലായിരുന്നു. വീണ്ടും കരഞ്ഞു പറഞ്ഞപ്പോള്‍ നഴ്‌സ് രോഷം കൊണ്ടു.

'നിനക്ക് വേദനയുണ്ടെങ്കില്‍ നീ സഹിക്കണം' എന്നും 'ഞാന്‍ സഹിക്കില്ല' എന്നും നഴ്‌സ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഒന്ന് താങ്ങുക പോലും ചെയ്യാതെയാണ് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയത്.

തല കറങ്ങുന്നു എന്നു പറഞ്ഞിട്ടും നഴ്‌സ് പിടിച്ചില്ല. ലേബര്‍ റൂമില്‍ കിടത്തിയതിനു ശേഷം വേദന കൊണ്ട് കരഞ്ഞപ്പോള്‍ ഇടതുകാലിന്റെ തുടയില്‍ ഒരുപാട് തവണ അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'അടി നിര്‍ത്തി, ഇനി പ്രസവം നിര്‍ത്തുമോ' എന്ന് ചോദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

'മൂന്ന് കുട്ടികള്‍ ആയില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ' എന്നും 'വയസാവുന്നതു വരെ പ്രസവിച്ചോ' എന്നും നഴ്‌സ് പരിഹസിക്കുകയും ചെയ്തു.

അതേസമയം, പ്രസവം കഴിഞ്ഞശേഷവും അനീറ്റയുടെ ഭാഗത്തുനിന്ന് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായെന്ന് യുവതിയുടെ ഭര്‍ത്താവ് സലാം പറയുന്നു.