പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രിക്കെതിരേ കുടുംബം നിയമപോരാട്ടത്തിന്

Update: 2020-07-14 17:02 GMT

തലശ്ശേരി: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുഴപ്പിലങ്ങാട് കുളംബസാര്‍ എകെജി റോഡ് അപസരാസില്‍ ഷഫ്‌ന(32)യും നവജാത ശിശുവും മരണപ്പെട്ടത്. മരണത്തിനു കാരണം തലശ്ശേരി കോടതി റോഡിലെ ജോസ് ഗിരി ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെയും ജീവനക്കാരുടെയും പിഴവാണെന്നു ചൂണ്ടിക്കാട്ടി ഷഫ്‌നയുടെ മാതാവ് എം ആയിഷ എടക്കാട് പോലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 5നാണു ഷഫ്‌നയെ പ്രസവത്തിനായി ജോസ് ഗിരി ആശുപത്രിയിലെത്തിച്ചത്. രാത്രി പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിനോ മാതാവിനോ യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി അറിയിച്ചിരുന്നില്ല. ചെറിയ വേദന അനുഭവപ്പെട്ടതു കാരണം ശനിയാഴ്ച പുലര്‍ച്ചെ 2.30നു ലേബര്‍ റൂമിലേക്കു കൊണ്ടുപോയി. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടും കോണിപ്പടിയിലൂടെ നടത്തിയാണു കൊണ്ടുപോയത്. വീണ്ടും രാവിലെ 4.30നു വേദന കൂടിയപ്പോള്‍ ഷഫ്‌നയെ റൂമിലേക്കു കൊണ്ടുപോയി. രാവിലെ 9.15 നു ആശുപത്രി ജീവനക്കാരെത്തി ഗര്‍ഭസ്ഥ കുഞ്ഞിനു ഭാരം കൂടുതലാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞ് ഒപ്പിടീച്ചു. ഈസമയം ഷഫ്‌ന അബോധാവസ്ഥയിലായിരുന്നുവെന്നും സ്‌ട്രെച്ചറില്‍ കൊണ്ടുപോവുന്നത് കണ്ടതായും മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അല്‍പ്പസമയം കഴിഞ്ഞ് ശസ്ത്രക്രിയ കഴിഞ്ഞെന്നും പെണ്‍കുഞ്ഞാണെന്നും രണ്ടു കുപ്പി രക്തം വേണമെന്നും പറഞ്ഞു. കുറച്ചുകഴിഞ്ഞ് നഴ്‌സുമാരെത്തി രക്തസ്രാവം കൂടുതലാണെന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണെന്നും പറഞ്ഞു. ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് എട്ടു കുപ്പിയോളം രക്തം കൊടുക്കാന്‍ വേണ്ടി ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍, അല്‍പ്പസമയം കഴിഞ്ഞ് കുഞ്ഞിനു ഹൃദയമിടിപ്പ് കുറവാണെന്നും ഉടനെ കണ്ണൂര്‍ കൊയില് ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞ് അങ്ങോട്ടേക്കു കൊണ്ടുപോയി. ഇതിനിടെ, ഷഫ്‌നയ്ക്ക് സ്‌ട്രോക്ക് സംഭവിച്ചിട്ടുണ്ടെന്നും കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതാണു നല്ലതെന്നും പറഞ്ഞു.

    ഇതുപ്രകാരം വൈകീട്ട് മൂന്നോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ അവിടെയെത്തിച്ചെങ്കിലും ആറു മണിയോടെ ഷഫ്‌ന മരണപ്പെടുകയായിരുന്നു. വൈകീട്ട് ആറോടെ തന്നെ കുഞ്ഞും മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജോസ് ഗിരി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയെ മറച്ചുവയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ഭാരം 3.200 കിലോയാണെന്നു മനസ്സിലായി. ഷഫ്‌ന നേരത്തേ സുഖപ്രസവത്തില്‍ ജന്‍മം നല്‍കിയ രണ്ടു കുട്ടികള്‍ക്കും ഇതിലും കൂടുതല്‍ ഭാരമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഷഫ്‌നയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനു മുമ്പ് ആഭരണങ്ങള്‍ പോലും അഴിച്ചുവച്ചില്ലെന്നും ലേബര്‍ റൂമില്‍നിന്ന് കുഞ്ഞിനെ പുറത്തെടുക്കാന്‍ നഴ്‌സുമാര്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപാകതയാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, കുഞ്ഞിന്റെ തലയുടെ ഒരുഭാഗത്ത് രക്തം കട്ടപിടിച്ചുണ്ടെന്ന് കൊയിലി ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

Woman and baby died; Family in legal battle against hospital


Tags:    

Similar News