ദാനധര്‍മത്തില്‍ മുമ്പന്‍ അസിം പ്രേംജി; കൊവിഡ് കാലത്ത് ദിവസേന നല്‍കിയത് 27 കോടി രൂപ

ലോകമാകെ ദുരിതം വിതച്ച കൊവിഡ് മഹാമാരിക്കാലത്ത് ദരിദ്രര്‍ക്കും അശരണര്‍ക്കും ആശ്വാസകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അസിം പ്രേംജി ഒന്നാമതെത്തിയത്. പ്രതിദിനം 27 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

Update: 2021-10-30 08:42 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയവരില്‍ മുമ്പന്‍ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി. ലോകമാകെ ദുരിതം വിതച്ച കൊവിഡ് മഹാമാരിക്കാലത്ത് ദരിദ്രര്‍ക്കും അശരണര്‍ക്കും ആശ്വാസകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അസിം പ്രേംജി ഒന്നാമതെത്തിയത്. പ്രതിദിനം 27 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

അതായത്. പ്രതിവര്‍ഷം 9,713 കോടി രൂപ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കുടുതല്‍ തുക സംഭാവന നല്‍കിയവരുടെ പട്ടിക എഡെല്‍ഗിവ് ഹുറൂണ്‍ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ നാടാറാണ് രണ്ടാംസ്ഥാനത്തുള്ളത്. 1,263 കോടി രൂപയാണ് ശിവ നാടാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം ചെലവഴിച്ചത്.

എന്നാല്‍, 577 കോടി രൂപ ചെലവഴിച്ച രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന ഖ്യാതിയുള്ള മുകേഷ് അംബാനിക്ക് മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ സാധിച്ചുള്ളു. 377 കോടി രൂപയുമായി കുമാര്‍ മംഗളം ബിര്‍ള നാലാംസ്ഥാനത്താണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി അഞ്ചാം സ്ഥാനത്തും(183 കോടി), ഇന്ത്യയിലെ രണ്ടാമാത്തെ സമ്പന്നനായ ഗൗതം അദാനി പട്ടികയില്‍ എട്ടാം സ്ഥാനത്തുമുണ്ട് (130 കോടി).

ഹിന്ദുജ കുടുംബം, ബജാജ് കുടുംബം, അനില്‍ അഗര്‍വാള്‍, ബര്‍മന്‍ കുടുംബം എന്നിവരും പട്ടികയുടെ ആദ്യ പത്തില്‍ ഇടം നേടിട്ടുണ്ട്. ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാംസ്ഥാനത്തുള്ള ഗൗതം അദാനി ദാതാക്കളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 130 കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. ഏറ്റവും വലിയ സ്‌റ്റോക്ക് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയും തന്റെ മൊത്തം വരുമാനത്തിന്റെ നാലിലൊരു ഭാഗം സംഭാവനായി നല്‍കി. 9 വനിതകളാണ് പട്ടികയിലുള്ളത്. റോഹിനി നിലേക്കനി( 69 കോടി), യു.എസ്.വിയിലെ ലിനാഗാന്ധി (24 കോടി), തെര്‍മാക്‌സിന്റെ അനു ആഗ(20കോടി) തുടങ്ങിയവരാണ് വനിതകളില്‍ മുന്നില്‍.

ഇവരെ കൂടാതെ ഒട്ടനവധി പ്രമുഖരും പട്ടികയില്‍ പുതുതായി ഇടം പിടിച്ചിട്ടുണ്ട്. 112 പേരാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയത്. 40 വയസ്സിനു താഴെയുള്ളവരാണ് പട്ടികയില്‍ കൂടുതല്‍. 12 ശതമാനമാണ് സംഭാവനയിലെ വര്‍ധനവ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലുമാണ് നിലവില്‍ ഈ സംഭാവനകള്‍ കുടൂതലായും ചെലവഴിച്ചതെന്നും 10 വര്‍ഷത്തിനുളളില്‍ സമൂഹത്തിന്റെ മറ്റു അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണാനാകുമെന്നും ഹുറുണ്‍ മാനേജിങ് ഡയറക്ടര്‍ അന്നാസ് റഹ്മാന്‍ പറഞ്ഞു.

പട്ടികയില്‍ ഇടം നേടിയവരില്‍ അധികവും മുംബൈയില്‍ നിന്നുള്ളവരാണ്. ന്യൂഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓട്ടോമൊബൈല്‍, സോഫ്റ്റ് വെയര്‍, ഫാര്‍മസി എന്നീ മേഖയിലുള്ള വ്യവസായികളാണ് ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പട്ടികയില്‍ പറയുന്നു.

Tags:    

Similar News