മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണന് 'ആരതി' നടത്തുമെന്ന് ഹിന്ദുമഹാസഭ

Update: 2021-12-08 10:39 GMT

ആഗ്ര: ഡിസംബര്‍ 10 ന് മഥുരയിലെ ഷാഹി ഈദ്ഗാവില്‍ 10 മിനിറ്റ് ശ്രീകൃഷ്ണ ഭഗവാന്റെ പേരില്‍ 'ആരതി' നടത്തുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഭരണകൂടം തടയാന്‍ ശ്രമിച്ചാല്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ, ബാബറി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6 ന് ഷാഹി ഈദ്ഗാഹില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്‍മാറി.

'സാമുദായിക സൗഹാര്‍ദം തകരുമെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ 6 ന് ബാലഗോപാല്‍ ജിയെ(കൃഷ്ണ വിഗ്രഹം) അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഭരണകൂടം അനുവദിച്ചില്ല. ഇപ്പോള്‍, ലോക മനുഷ്യാവകാശ ദിനത്തില്‍ (ഡിസംബര്‍ 10) കൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥലത്ത് 10 മിനിറ്റ് നേരം ആരതി നടത്താന്‍ ഞങ്ങളെ അനുവദിക്കണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു'. ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ ഹിന്ദുമഹാസഭ ദേശീയ പ്രസിഡന്റ് രാജ്യശ്രീ ചൗധരി പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ പോലിസിന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ഗുവാരവ് ഗ്രോവര്‍ പറഞ്ഞു. 'പരിപാടിക്ക് അനുമതി നല്‍കില്ലെന്നും ഇത്തരം പരിപാടികള്‍ക്ക് നേരത്തെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹല്‍ പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകനും മറ്റ് അഞ്ച് പേരും മഥുര ജില്ലാ കോടതിയില്‍ കൃഷ്ണന്‍ ജനിച്ച സ്ഥലമാണെന്ന് അവകാശപ്പെട്ട് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണ ക്ഷേത്ര വിഷയം വീണ്ടും ചര്‍ച്ചയായത്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ഒരു പ്രാദേശിക കോടതി പരിഗണനയിലുണ്ട്.

Tags:    

Similar News