പുറത്ത് വന്നത് ലീഗിന്റെ അഭിപ്രായം; പരാതി പിന്‍വലിക്കില്ലെന്ന് ഫാത്തിമ തെഹ്‌ലിയ

പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍ ഇതുവരെ പരാതി പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും ഇല്ല.

Update: 2021-08-26 10:22 GMT

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരേ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്് ഫാത്തിമ തെഹ്‌ലിയ. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് മുസ്‌ലിം ലീഗിന്റെ അഭിപ്രായം മാത്രമാണെന്നും ഫാത്തിമ തെഹ്‌ലിയ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍ ഇതുവരെ പരാതി പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും ഇല്ല എന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം. ഹരിത ഭാരവാഹികള്‍ക്കെതിരായ പരാമര്‍ശത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

നേതാക്കള്‍ മാപ്പ് പറഞ്ഞതോടെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. പിന്നാലെയാണ് ഹരിത നിലപാട് വ്യക്തമാക്കിയത്. ഹരിതയും എംഎസ്എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്നുമാണ് ലീഗിന്റെ പക്ഷം.

അതേസമയം എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 'ഹരിത' നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തി. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫേസ്്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനവുമായി പി കെ നവാസ് എത്തിയത്. ആരോപണ വിധേയരായ നേതാക്കള്‍ ഫേസ്്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു ഇന്ന് ലീഗ് നേതൃത്വം കൈക്കൊണ്ടത്.