'പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കും'; കെ എം ഷാജിയുടെ വിമര്‍ശനത്തിനു പിന്നാലെ പരസ്യപ്രതികരണം വിലക്കി ലീഗ്

സാമൂഹിക മാധ്യമങ്ങളിലും മറ്റു ഇതര മാധ്യമങ്ങളിലും അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന പ്രതികരണങ്ങളും പ്രസ്താവനകളും പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി തടയിട്ടത്.

Update: 2021-06-14 04:37 GMT

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരേ സംസ്ഥാന സെക്രട്ടറി കെ എം ഷാജി രൂക്ഷ പ്രതികരണവുമായി മുന്നോട്ട് വന്നതിനെ പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുസ്‌ലിം ലീഗ്.

സാമൂഹിക മാധ്യമങ്ങളിലും മറ്റു ഇതര മാധ്യമങ്ങളിലും അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന പ്രതികരണങ്ങളും പ്രസ്താവനകളും പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി തടയിട്ടത്.

പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇത്തരം പ്രസ്താവനകളും പ്രതികരണങ്ങളും ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് ലീഗ് പ്രസ്താവന പുറപ്പെടുവിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുസ്‌ലിംലീഗ് നേതൃത്വം ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന കെ എം ഷാജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച നീട്ടി കൊണ്ടുപോവരുതെന്നും പ്രവര്‍ത്തകരുടെ വികാരം തീരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്നും ഷാജി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

നഷ്ടപ്പെട്ട സീറ്റിനെക്കാള്‍ ലീഗ് ഗൗരവമായി കാണേണ്ടത് നഷ്ടമായ വോട്ടാണ്. ആരൊക്കെ തോറ്റു, എത്ര സീറ്റ് കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മള്‍ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാള്‍ വലുതാണ് കുറഞ്ഞ വോട്ട്. പാര്‍ടിയുടെ പല ഘടകങ്ങളും ജനകീയമല്ലെന്നും ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയാതീത സൗഹൃദമുണ്ടെന്നും ഒത്തുതീര്‍പ്പ് നടക്കുന്നതായും ഷാജി തുറന്നടിച്ചിരുന്നു.

ഫലം പുറത്തുവന്ന് ഒരുമാസം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ യോഗം പോലും ചേരാനാകാത്തതിനെതിരേയായിരുന്നു ഷാജിയുടെ വിമര്‍ശനം.

Tags:    

Similar News