'വിടുവായത്തം പറയരുത്, നാവരിയും; സംസ്ഥാന ബിജെപി അധ്യക്ഷനോട് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

Update: 2021-11-08 11:46 GMT

ഹൈദരാബാദ്: ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. വിടുവായത്തം പറഞ്ഞാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നാവരിയുമെന്നാണ് കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെ ചന്ദ്രശേഖര്‍ റാവു മുന്നറിയിപ്പ് നല്‍കിയത്. 

തെലങ്കാനയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്രം നെല്ല് സംഭരിക്കില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കര്‍ഷകരോട് കൂടുതല്‍ നഷ്ടം ഇല്ലാതിരിക്കാന്‍ മറ്റുവിളകള്‍ തിരഞ്ഞെടുക്കാന്‍ കൃഷിമന്ത്രി പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത് ചന്ദ്രശേഖര റാവു പറഞ്ഞു.


'കേന്ദ്ര മന്ത്രിയെ താന്‍ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിരുന്നു. തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെയുണ്ട്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ല' ചന്ദ്രശേഖര റാവു പറഞ്ഞു.

ഇതിനിടയിലാണ് നെല്ല് തന്നെ കൃഷി ചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വീണ്ടും കര്‍ഷകരോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല് സംഭരിക്കില്ലെന്ന് കേന്ദ്രവും സംഭരിക്കുമെന്ന് സംസ്ഥാന ബിജെപിയും പറയുന്നു. വിടുവായത്തം ഒഴിവാക്കുക. ഞങ്ങളെ കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ (സംസ്ഥാന ബിജെപി നേതാക്കളുടെ) നാവ് അരിയുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.

Tags:    

Similar News