വന്യജീവി ആക്രമണം; നഷ്ടപരിഹാരം വെട്ടിക്കുറച്ച നടപടി പുനപ്പരിശോധിക്കണം: ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ആറ് ലക്ഷമായി വെട്ടിക്കുറച്ച വനം വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നേരത്തേ വനം വകുപ്പ് 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. പുതിയ ഉത്തരവു പ്രകാരം 6 ലക്ഷം രൂപ വനം വകുപ്പും ബാക്കി ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും നല്‍കുമെന്നാണു വ്യക്തമാക്കുന്നത്. വനം വകുപ്പ് നല്‍കിയിരുന്ന 10 ലക്ഷം രൂപ, 6 ലക്ഷം രൂപയാക്കി കുറച്ചെന്നു വ്യക്തമാക്കി വനം വകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല എന്നത് ഇതു സംബന്ധിച്ച ആശയക്കുഴത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരിക്കുകയാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2023 ഡിസംബര്‍ 22 ലെ ഉത്തരവു പ്രകാരമാണ് വനംവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത്. ഈ തുക കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രൊജക്ട് എലിഫന്റ് ആന്‍ഡ് ടൈഗര്‍, ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് എന്നിവ വഴിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നത്.
10 ലക്ഷം രൂപ കേന്ദ്രഫണ്ടില്‍ നിന്നു ലഭിച്ചാലും പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇനി മുതല്‍ ആറ് ലക്ഷം രൂപ മാത്രമേ സംസ്ഥാന വനം വകുപ്പ് മുഖേന നഷ്ടപരിഹാരമായി നല്‍കാനാകൂ. ഇത് ഇരകളോട് ചെയ്യുന്ന അനീതിയും വഞ്ചനയുമാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും അതുവഴിയുള്ള മരണങ്ങളും ഗുരുതര പരിക്കുകളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഇരകളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരമെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പിന്‍വലിക്കുകയും തുക വര്‍ധിപ്പിക്കാനുമുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
