കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം; വയനാട്ടില്‍ വന്‍ പ്രതിഷേധം, റോഡ് ഉപരോധിച്ചു

Update: 2024-02-10 05:11 GMT

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടതോടെ വയനാട്ടില്‍ വന്‍ പ്രതിഷേധം. ഇന്ന് രാവിലെയാണ് മാനന്തവാടി പയ്യമ്പള്ളിയിലെ ജനവാസകേന്ദ്രത്തിലറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ ജനക്കൂട്ടം വന്‍ പ്രതിഷേധവുമായെത്തി. മാനന്തവാടി നഗരത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലും കനത്ത പ്രതിഷേധം അരങ്ങേറുകയാണ്. മാനന്തവാടിയില്‍ നിന്നുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചു. മാനന്തവാടി കോഴിക്കോട്, മാനന്തവാടി മൈസൂരു, മാനന്തവാടി തലശ്ശേരി റോഡുകള്‍ ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. വയനാട് ജില്ലാ കലക്ടറും സിസിഎഫും ഡിഎഫ്ഒയും സ്ഥലത്തെത്താതെ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

    തൊഴിലാളികളെ വിളിക്കാന്‍ പോയ അജീഷിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്. അയല്‍വാസിയുടെ വീട്ടുമതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി മതില്‍ തകര്‍ത്ത് മുറ്റത്തെത്തിയാണ് ആന ആക്രമിച്ചത്. കര്‍ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയതെന്നാണ് വിവരം. അതിനിടെ, കാട്ടാനയുടെ ആക്രമണസാധ്യത തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Similar News