കണ്ണൂരിൽ കോൺ​ഗ്രസ് ഓഫിസുകൾക്ക് നേരേ വ്യാപക സിപിഎം അക്രമം

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്ത സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്ത നിസാം മയ്യിലിന്റെ കെ എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

Update: 2022-06-13 17:11 GMT

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺ​ഗ്രസ് നേതാക്കൾ വിമാനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ കണ്ണൂരിൽ കോൺ​ഗ്രസ് ഓഫിസുകൾക്ക് നേരേ വ്യാപക സിപിഎം അക്രമം. കണ്ണൂർ ഡിസിസി ഓഫിസിനും തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളിലെ കോൺ​ഗ്രസ് മന്ദിരങ്ങൾക്കും നേരെയാണ് അക്രമമുണ്ടായത്.

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്ത സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്ത നിസാം മയ്യിലിന്റെ കെ എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 9.15 നായിരുന്നു സംഭവം. സിപിഎം ഓഫിസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു തകര്‍ത്ത സംഘം ഓഫീസിന്റെ ചുമരുകള്‍ മാത്രമേ ബാക്കിവെച്ചിട്ടുള്ളൂവെന്ന് ബ്ലോക്ക് പ്രസിഡന്റ് എം വി രവീന്ദ്രന്‍ പറഞ്ഞു.

തലശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫിസിനു നേരെ തിങ്കളാഴ്ച്ച 7.45 ഓടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടത്. ഓഫിസിന്റെ ഫര്‍ണിച്ചറുകളും ജനല്‍ പാളികളും അടിച്ചു തകര്‍ത്തു. എല്‍എസ് പ്രഭു മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്. പ്രകടനമായി എത്തിയ സിപിഎം-ഡിവൈഎഫ്‌ഐ സംഘം ഓഫിസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അമ്പതോളം വരുന്ന സംഘം ഓഫിസിനു നേരെ കല്ലറും നടത്തിയിരുന്നു.

രാത്രി പത്തുമണിയോടെയാണ് ബൈക്കിലെത്തിയ സിപിഎം അക്രമി സംഘം കണ്ണൂർ ഡിസിസി ഓഫിസിന് നേരെ കല്ലെറിഞ്ഞത്. നേരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്രമണം നടന്നതിന് പിന്നാലെയായിരുന്നു സംസ്ഥാനമെമ്പാടും സിപിഎം ആക്രമണം അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുന്നുണ്ട്.