മാംസാഹാര നിരോധനം; ​ഗുജറാത്തിൽ വ്യാപകമായി ഉന്തുവണ്ടികൾ പിടിച്ചെടുത്തു

ജോധ്പൂർ, മണിനഗർ, വസ്ത്രാപൂർ, ആശ്രമം റോഡ്, ബെഹ്‌റാംപുര എന്നിവിടങ്ങളിൽ 50 ഓളം ഭക്ഷണശാലകൾ നീക്കം ചെയ്തിട്ടുണ്ട്.

Update: 2021-11-17 02:57 GMT

അഹമ്മദാബാദ്: ​ഗുജറാത്തിലെ മാംസാഹാര നിരോധന ഉത്തരവുകൾക്ക് പിന്നാലെ ചെറുകിട ഭക്ഷണ കച്ചവടക്കാരുടെ ഉന്തുവണ്ടികൾ പിടിച്ചെടുത്ത് ന​ഗരസഭാ അധികൃതർ. ചൊവ്വാഴ്ച്ച മുതലാണ് ഉന്തുവണ്ടികൾ പിടിച്ചെടുക്കാൻ ആരംഭിച്ചത്. മാംസാഹാര നിരോധനത്തെ തുടർന്നാണെന്ന് പറയുമ്പോഴും പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ കയ്യേറ്റക്കാരെയാണ് ഒഴിപ്പിക്കുന്നതെന്ന വാദമാണ് അധികൃതർ പറയുന്നത്.

അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ (എഎംസി) എസ്റ്റേറ്റ് ആൻഡ് ടൗൺ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഇതിനകം നഗരത്തിലെ അഞ്ച് പ്രദേശങ്ങളിൽ, ജോധ്പൂർ, മണിനഗർ, വസ്ത്രാപൂർ, ആശ്രമം റോഡ്, ബെഹ്‌റാംപുര എന്നിവിടങ്ങളിൽ 50 ഓളം ഭക്ഷണശാലകൾ നീക്കം ചെയ്തിട്ടുണ്ട്.

സാധാരണയായി വസ്ത്രാപൂരിൽ ഏകദേശം 10-12 മുട്ട സ്റ്റാളുകൾ ഉണ്ടാകാറുണ്ട്. എന്നാൽ നിയമനടപടി ഭയന്ന് ആരും കച്ചവടത്തിനെത്തിയില്ല. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് വസ്ത്രാപൂരിൽ നിന്ന് അധികാരികൾ 11 വണ്ടികൾ പിടിച്ചെടുത്തു. തിങ്കളാഴ്ച നഗരസഭാ അധികൃതർ മാംസാഹാര ഫുഡ് കാർട്ടുകൾ നീക്കം ചെയ്യണമെന്നായിരുന്നു നിർദേശിച്ചെങ്കിലും, ചൊവ്വാഴ്ചത്തെ അടിച്ചമർത്തൽ "കയ്യേറ്റ വിരുദ്ധ ഡ്രൈവ്" എന്ന് പേരിട്ടാണ് അധികൃതർ നടത്തിയിരിക്കുന്നത്. അധികാരികൾ വണ്ടികളും കസേരകളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു.

ആളുകൾക്ക് അവർക്കാവശ്യമുള്ളത് കഴിക്കാൻ അർഹതയുണ്ടെന്നും ആർക്കും അവരെ തടയാൻ കഴിയില്ലെന്നും മാംസാഹാര ഭക്ഷണം വിൽക്കുന്നവരെ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള ആസങ്കകൾക്കിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീൽ ചൊവ്വാഴ്ച പറഞ്ഞു. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മാംസാഹാര നിരോധനം.

വഡോദരയിലെ ന്യൂനപക്ഷ ആധിപത്യ പ്രദേശമായ തണ്ടാൽജയിലെ തെരുവിൽ മാംസാഹാര വിൽപന തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച, നഗരത്തിൽ മാംസാഹാര ഭക്ഷണം വിൽക്കുന്ന വ്യാപാരികൾക്ക് 15 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടിയില്ലെങ്കിൽ കുടിയൊഴിപ്പിക്കൽ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭക്ഷണ വണ്ടികൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഈ നിർദേശം വെള്ളത്തിലായി.