സോണിയ വിളിച്ച യോഗത്തില്‍നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിന്നു

യോഗത്തിനു വിളിച്ച നേതാക്കളുടെ മാനദണ്ഡങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടാത്തതിനാല്‍ ക്ഷണിച്ചിരുന്നില്ലെന്നും സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിനാലാണ് മന്‍മോഹന്‍ സിങിനെ ക്ഷണിച്ചതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Update: 2019-09-13 08:56 GMT

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയും മാതാവുമായ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി വിട്ടുനിന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, പാര്‍ട്ടി ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കായി വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേഡര്‍മാര്‍ക്കു നല്‍കുന്ന പരിശീലനം തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. യോഗത്തിനു വിളിച്ച നേതാക്കളുടെ മാനദണ്ഡങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടാത്തതിനാല്‍ ക്ഷണിച്ചിരുന്നില്ലെന്നും സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിനാലാണ് മന്‍മോഹന്‍ സിങിനെ ക്ഷണിച്ചതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

    2017 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം പദവി രാജിവച്ചിരുന്നു. മാത്രമല്ല, 12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ആസ്ഥാനത്തെ നേതാക്കളുടെ പേരില്‍നിന്ന് രാഹുലിന്റെ പേര് ഒഴിവാക്കുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ച ശേഷം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി(സിഡബ്ല്യുസി) അംഗമല്ലാതെ മറ്റൊരു സംഘടനാ പദവിയും രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ഔദ്യോഗികമായി നല്‍കിയതായി പ്രഖ്യാപനമുണ്ടായിട്ടില്ല. രാഷ്ട്രപതിയാവാതെ പാര്‍ട്ടിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തേ എന്‍ഡിടിവിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാഹുല്‍ഗാന്ധി ഒരു പദയാത്രയില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. എ കെ ആന്റണിയും പങ്കെടുത്തതിനാല്‍ കേരളത്തിലെ വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്ക് യോഗത്തില്‍ പങ്കെടുക്കാമായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എ കെ ആന്റണിക്ക് പാര്‍ട്ടിയുടെ പദവിയൊന്നുമില്ലെങ്കിലും മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് പങ്കെടുത്തത്.

        അദ്ദേഹം സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ആവശ്യപ്പെടുമ്പോള്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചതെന്നും രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി പങ്കെടുത്ത അവസാന സിഡബ്ല്യുസി യോഗത്തില്‍ ജമ്മു കശ്മീരിനെക്കുറിച്ചുള്ള കേന്ദ്രതീരുമാനങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച ഒഴിവില്‍ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന് രാഹുല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് പാര്‍ട്ടി ആസ്ഥാനത്തെ നെയിംപ്ലേറ്റില്‍ ഇല്ലെങ്കിലും ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയുടെയും ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെയും പേരില്‍ ചേംബറുകളുണ്ട്. നെഹ് റു കുടുംബത്തില്‍ നിന്നു പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വരണമെന്നാണ് രാഹുലിന്റെ നിലപാടെങ്കിലും പാര്‍ട്ടി അതിനെ തള്ളിയാണ് സോണിയയെ ഇടക്കാല പ്രസിഡന്റാക്കിയത്. താന്‍ ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നില്ലെന്ന് കാണിക്കാനാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണു റിപോര്‍ട്ട്.


Tags: