ഹിജാബ് ധരിക്കുന്നത് വിലക്കി; കര്‍ണാടക കോളജില്‍ നിന്ന് രാജിവച്ച് ഇംഗ്ലീഷ് അധ്യാപിക

Update: 2022-02-18 12:56 GMT

ബംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ധീരമായ നിലപാട് സ്വീകരിച്ച് അധ്യാപിക. ഹിജാബ് ധരിക്കുന്നത് വിലക്കിയ കോളജ് അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇംഗ്ലീഷ് അധ്യാപിക ജോലി രാജിവച്ചു. തുമക്കുരുവിലെ ജെയിന്‍ പിയു കോളജിലെ ഇംഗ്ലീഷ് പ്രഫസര്‍ ചാന്ദിനിയാണ് ഹിജാബ് ധരിക്കാന്‍ അനുവാദമില്ലെങ്കില്‍ ജോലിയും വേണ്ടെന്ന് പറഞ്ഞത്. മൂന്നുവര്‍ഷമായി കോളജില്‍ ഹിജാബ് ധരിച്ച് ജോലിക്കെത്തിയിരുന്ന പ്രഫസറോട് കോളജിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അവര്‍ രാജിവച്ചത്.

മൂന്നുവര്‍ഷമായി ഹിജാബ് ധരിച്ച് ക്ലാസെടുത്തിരുന്ന തന്നോട് കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ ഇത് അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് പ്രഫസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാവുന്നത്. ഈ പുതിയ തീരുമാനം എന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയാണ്. അതിനായാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ക്ലാസെടുക്കുമ്പോള്‍ ഹിജാബും മതചിഹ്നവും അനുവദിക്കില്ലെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. പക്ഷേ, ഞാന്‍ പഠിപ്പിച്ചു. മതവിശ്വാസം ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയാന്‍ ആര്‍ക്കുമാവില്ലെന്നും പ്രഫസര്‍ രാജിക്കത്തില്‍ പറയുന്നു. ജനാധിപത്യവിരുദ്ധമായ നടപടിയെ അപലപിക്കുകയും ചെയ്താണ് പ്രഫസര്‍ രാജിക്കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, താനോ മാനേജ്‌മെന്റിലെ മറ്റാരെങ്കിലുമോ പ്രഫസറോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥ് രംഗത്തുവന്നു. കോളജുകളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നിരവധി വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഡ്മിഷന്‍ സമയം മുതല്‍ ഹിജാബ് ധരിച്ചുവന്നിരുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരേ ഹിന്ദുത്വസംഘടനയില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കാവി ഷാള്‍ അണിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം.

കുരിശും ടര്‍ബനും പൊട്ടുമൊക്കെ അനുവദിക്കെ ഹിജാബിനു മാത്രം എന്തിനാണ് വിലക്കെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചോദ്യമുയര്‍ത്തിയതിന് പിന്നാലെ വിധി വരുന്നതുവരെ കലാലയങ്ങളില്‍ മതപരമായ അടയാളങ്ങള്‍ ധരിച്ചുവരുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഹിജാബ് ധരിച്ച ആറ് വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് കര്‍ണാടകയിലെ പല കോളജുകളും ഹിജാബിന് വിലക്കേര്‍പ്പെടുത്തി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥിനികള്‍ വിഷയം കോടതിയുടെ മുമ്പിലെത്തിച്ചത്.

Tags:    

Similar News