ബൂസ്റ്ററിനായി അരങ്ങൊരുക്കി ലോകാരോഗ്യ സംഘടന; അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന
ബൂസ്റ്റർ ഡോസുകൾ അവതരിപ്പിക്കുന്നത് ഏറ്റവും ആവശ്യമുള്ള ജനസംഖ്യാ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചായിരിക്കണമെന്ന് എസ്എജിഇ (അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പേർട്സ് ഓൺ ഇമ്യൂണൈസേഷൻ) പറഞ്ഞിരുന്നു
ന്യൂഡൽഹി: ഉയർന്ന അപകട സാധ്യതയുള്ള വിഭാഗങ്ങൾക്ക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന. നിലവിലെ പഠനങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് ഗുരുതരമായ രോഗ സാധ്യതയുള്ള ജനസംഖ്യാ ഗ്രൂപ്പുകളുടേയും മുൻനിര ആരോഗ്യ പ്രവർത്തകരുടേയും സുരക്ഷ വർധിപ്പിക്കുമെന്ന് ഒരു സുപ്രധാന പ്രഖ്യാപനത്തിൽ, ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞു,
രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസത്തിനുള്ളിൽ കൊവിഡിനെതിരേയുള്ള വാക്സിൻ സംരക്ഷണത്തിൽ കുറവ് കാണുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായുള്ള തെളിവുകൾ പുറത്തുവന്ന ശേഷമാണ് ബൂസ്റ്റർ ഡോസുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന വരുന്നത്. ഒക്‌ടോബർ 4 ന്, ബൂസ്റ്റർ ഡോസുകൾ അവതരിപ്പിക്കുന്നത് ഏറ്റവും ആവശ്യമുള്ള ജനസംഖ്യാ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചായിരിക്കണമെന്ന് എസ്എജിഇ (അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പേർട്സ് ഓൺ ഇമ്യൂണൈസേഷൻ) പറഞ്ഞിരുന്നു, എന്നാൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് പഠനങ്ങൾ ആവശ്യമുണ്ടെന്നും എസ്എജിഇ പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പ്രകാരം രണ്ട് മുൻഗണനാ ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് ഇന്ത്യ പരിഗണിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ കൃത്യമായി പിന്തുടരുന്നതിനാൽ ബൂസ്റ്ററിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഇടക്കാല പ്രസ്താവനയ്ക്ക് കാര്യമായ പരിശോധന സർക്കാരിൽ നിന്നുണ്ടാകും.
ഉയർന്ന അപകടസാധ്യതയുള്ള ജനസംഖ്യയിൽ ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം കുറയുന്നത് ബൂസ്റ്റർ വാക്സിനേഷൻ ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്ന് എസ്എജിഇ പറയുന്നു. വാക്‌സിൻ ഫലപ്രാപ്തി കുറയുന്നതിന്റെ തെളിവുകൾ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ജനങ്ങളിൽ ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം കുറയുന്നു. അടുത്തിടെ നടത്തിയ അവലോകനത്തിന്റെയും മെറ്റാ-റിഗ്രഷൻ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, ഇന്ത്യയിൽ നൽകുന്ന കൊവിഷീൽഡ് ഉൾപ്പെടുന്ന നാല് കൊവിഡ് വാക്സിനുകൾക്ക് കൊവിഡിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തി 6 മാസംകൊണ്ട് ഏകദേശം 8% കുറഞ്ഞിട്ടുണ്ടെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
50 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ, ഗുരുതരമായ രോഗത്തിനെതിരായ വാക്സിൻ ഫലപ്രാപ്തി ഏകദേശം 10% കുറഞ്ഞു. രോഗലക്ഷണങ്ങളുള്ള കൊവിഡിനെതിരായ വാക്സിൻ ഫലപ്രാപ്തി 50 വയസ്സിനു മുകളിലുള്ളവരിൽ 32% കുറഞ്ഞതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് ബൂസ്റ്റർ വാക്സിനേഷന്റെ സാധ്യതയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ ഡാറ്റ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
