ഗസയിലെ ഇസ്രായേൽ ആക്രമണം ഫലസ്തീൻ ജനതയെ ദുരിതത്തിലാക്കിയെന്ന് ലോകാരോഗ്യ സംഘടന
ഫലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങളുമായി സഹകരിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു.
ഗസ: ഗസയിലെ ഇസ്രായേൽ ആക്രമണം ഫലസ്തീൻ ജനതയെ ദുരിതത്തിലാക്കിയെന്ന് ലോകാരോഗ്യ സംഘടന. ഫലസ്തീനിൽ മാത്രം 8538 പേർക്ക് പരിക്കേറ്റെന്ന് ഡബ്ല്യുഎച്ച്‌ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഗസയിലെ 30 പ്രധാന ആശുപത്രികളിൽ ഇസ്രായേൽ ബോംബിട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള വഴികളും ഇല്ലാതാക്കി. ആശുപത്രികളിൽ മരുന്ന്, രക്തം, ചികിൽസാ ഉപകരണങ്ങൾ എന്നിവയുടെ സ്‌റ്റോക്ക് തീരാറായി. ഗസയിലെ കേന്ദ്രീകൃത കൊവിഡ് ലബോറട്ടറിയും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.
സംഘർഷം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ–ഫലസ്തീൻ തീരുമാനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിനന്ദിച്ചു. പ്രശ്‌നത്തിന്റെ മൂലകാരണം പരിഹരിക്കാൻ ഉഭയകക്ഷിശ്രമം തുടരണം. ഫലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു.
വെടിനിർത്തൽ പ്രഖ്യാപനത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയെ സഹായിക്കാൻ യുഎന്നുമായി സഹകരിക്കും. എന്നാൽ, ഗസ ഭരിക്കുന്ന ഹമാസുമായി സഹകരിക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് പൊതുപ്രസ്താവന ഇറക്കാൻ യുഎൻ രക്ഷാസമിതി നാലുതവണ ശ്രമിച്ചെങ്കിലും അമേരിക്ക സമ്മതിച്ചിരുന്നില്ല.
വെള്ളിയാഴ്‌ച പുലർച്ചെ രണ്ടിന് വെടിനിർത്തൽ നിലവിൽ വന്നയുടൻ ആയിരങ്ങൾ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി. ഹമാസ്, ഫലസ്‌തീൻ പതാകകൾ വീശിയും മധുരം പങ്കിട്ടും പടക്കംപൊട്ടിച്ചും പാട്ടുപാടിയും സന്തോഷം പങ്കിട്ടു. ഇതിനിടെ വെള്ളിയാഴ്ച കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സയിൽ പ്രാർഥിക്കാൻ എത്തിയവർക്കുനേരെ ഇസ്രായേൽ പോലിസ് പടക്ക ബോംബ് എറിഞ്ഞു. തുടർന്ന് വിശ്വാസികളും പോലിസും തമ്മിൽ സംഘർഷമുണ്ടായി. വെസ്‌റ്റ് ബാങ്കിലെ ആഹ്ലാദപ്രകടനത്തിന് നേരെയും ഇസ്രായേലി പോലിസ് ആക്രമണം നടത്തി.
