പാര്‍ലമെന്റ് അതിക്രമം: ജോലി കിട്ടാത്തതിലെ നിരാശ; പ്രതികള്‍ 'ഭഗത് സിങ് ഫാന്‍ ക്ലബ്' അംഗങ്ങളെന്ന് പോലിസ്
ന്യൂഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിനെ ഞെട്ടിച്ച് വന്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ അതിക്രമം കാട്ടിയ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി മാധ്യമങ്ങള്‍. പ്രതികള്‍ വളരെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്. സാഗര്‍ ശര്‍മ്മ, നീലം ആസാദ്, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, വിക്കി ശര്‍മ, ലളിത് ഝാ എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇവരെല്ലാം 'ഭഗത് സിങ് ഫാന്‍ ക്ലബ്' എന്ന സോഷ്യല്‍ മീഡിയ പേജിലെ അംഗങ്ങളാണെന്നും പോലിസ് പറയുന്നു. നീലം ആസാദ്, അമോല്‍ ഷിന്‍ഡെ എന്നിവര്‍ മികച്ച യോഗ്യത നേടിയിട്ടും ജോലി ലഭിക്കാത്തതിലുള്ള നിരാശയാണ് അതിക്രമത്തിനു കാരണമെന്നാണ് പറയുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂരിലെ അക്രമം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുമാണ് അതിക്രമം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്നാണ് പോലിസ് പറയുന്നത്.
സാഗര്‍ ശര്‍മയുടെ താമസം യുപിയില്‍
സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങിയ രണ്ടുപേരില്‍ ഒരാളായ 27 കാരനായ സാഗര്‍ ശര്‍മ്മ ഡല്‍ഹിയില്‍ ജനിച്ച് മാതാപിതാക്കളോടും ഒരു അനുജത്തിയോടും ഒപ്പം യുപിയിലെ ലഖ്‌നോവിലാണ് താമസം. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിനെയും മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി ചെഗുവേരയെയും പിന്തുണയ്ക്കാറുണ്ടെന്ന് പോലിസ് പറയുന്നു. ശര്‍മ തന്റെ ഷൂവില്‍ ഒളിപ്പിച്ച മഞ്ഞ പുകയുടെ ഒരു കാനിസ്റ്റര്‍ വിന്യസിച്ചതിന് ശേഷം മേശപ്പുറത്ത് ചാടി സ്പീക്കറുടെ കസേരയിലെത്താന്‍ ശ്രമിക്കുകയായിരുന്നു. എംപിമാര്‍ അദ്ദേഹത്തെ മര്‍ദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ്, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് പോവുകയാണെന്ന് ശര്‍മ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവത്രേ.
മനോരഞ്ജന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരി
കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ മനോരഞ്ജന്‍ ഡി മൈസൂരു സ്വദേശിയാണ്. 34കാരനായ ഇയാളുടെ കൈവശം സന്ദര്‍ശക ഗാലറിയിലേക്കുള്ള പാസും ഉണ്ടായിരുന്നു. ശര്‍മയ്ക്ക് പിന്നാലെ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മനോരഞ്ജന്‍ ജോലിയില്‍ പ്രവേശിച്ചോ എന്ന് വ്യക്തമല്ല. എന്നാല്‍, തന്റെ മകന്റെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിക്കൊല്ലണമെന്നും പിതാവ് ദേവരാജെ ഗൗഡ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
'പാര്‍ലമെന്റ് നമ്മുടേതാണ്... മഹാത്മാഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെ പലരും ആ ശ്രീകോവില്‍ പണിതിട്ടുണ്ട്. അതിനോട് ആരെങ്കിലും ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല, അത് എന്റെ മകനാണെങ്കിലും'. മൈസൂരില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസാണ് മനോരഞ്ജന്റെയും ശര്‍മ്മയുടെയും കൈവശമുള്ള പാസുകള്‍ നല്‍കിയത്.
നീലം ആസാദ് എംഫില്‍ ബിരുദധാരിയായ അധ്യാപകന്‍
ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള നീലം ആസാദ് എംഫില്‍ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ അധ്യാപക ജോലി ലഭിക്കുന്നതിന് ആവശ്യമായ ദേശീയ യോഗ്യതാ പരീക്ഷയും പാസായിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്ത് ചുവപ്പും മഞ്ഞയും നിറഞ്ഞ പുക നിറച്ച കാനിസ്റ്ററുകള്‍ വിന്യസിക്കുകയും 'സ്വേച്ഛാധിപത്യത്തെ' അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്ത രണ്ട് ആളുകളില്‍ 37 കാരനും ഉള്‍പ്പെടുന്നു. 2021ല്‍ റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തിലും ഈ വര്‍ഷം നടന്ന മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലും നീലം പങ്കെടുത്തിരുന്നു. ഈ വര്‍ഷമാദ്യം അന്നത്തെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിലും ഭാഗമായിരുന്നു. 'അവള്‍ വളരെ യോഗ്യതയുള്ളവളാണ്, പക്ഷേ ജോലി ലഭിച്ചില്ല. ഇത് കാരണം അവള്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ഇത്രയും പഠിച്ചിട്ടും രണ്ട് നേരത്തെ ഭക്ഷണത്തിന് മതിയായ സമ്പാദിക്കാന്‍ അവള്‍ക്ക് കഴിയാത്തതിനാല്‍ മരിക്കണം എന്ന് അവള്‍ പലപ്പോഴും പറയാറുണ്ടായിരുന്നു'-മാതാവ് സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അവള്‍ ബിഎ, എംഎ, എംഫില്‍ എന്നിവ പൂര്‍ത്തിയാക്കി നെറ്റ് പാസായി. പക്ഷേ ഇപ്പോഴും ജോലിയില്ല. ആറ് മാസം മുമ്പ് അവള്‍ ജിന്ദിലേക്ക് മാറി. സെക്കന്‍ഡറി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് തയ്യാറെടുക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.
പോലിസ്, ആര്‍മി റിക്രൂട്ട്‌മെന്റില്‍ നിരന്തരം തോറ്റ അമോല്‍ ഷിന്‍ഡെ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അമോല്‍ ഷിന്‍ഡെ നീലം ആസാദിനൊപ്പം ചേര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് കാന്‍സറുകള്‍ വിന്യസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളികളുടെ മകനാണ് 25 കാരനായ അമോല്‍ ഷിന്‍ഡെ. പോലിസ്, ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിരന്തരം പങ്കെടുത്തെങ്കിലും വിജയിക്കാനായില്ല. 'ഡിസംബര്‍ 9ന് പോലിസ് റിക്രൂട്ട്‌മെന്റ് ഡ്രൈവിന് പോകുന്നുവെന്ന് പറഞ്ഞ് അമോല്‍ വീട്ടില്‍ നിന്ന് പോയിരുന്നു. അവന്‍ നന്നായി ഓടും. പോലിസിലോ ആര്‍മിയിലോ ചേരാന്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റില്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ തൊഴിലാളികളായി ജോലി ചെയ്യുന്നു. പോലിസും ഞങ്ങളോട് സംസാരിച്ചു. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞതായി ബന്ധുക്കള്‍ പറഫഞ്ഞു.
പിടികൂടാനുള്ളത് ബിഹാര്‍ സ്വദേശി ലളിത് ഝായെ
ഷിന്‍ഡെ, മനോരഞ്ജന്‍, ശര്‍മ, നീലം എന്നിവര്‍ക്കെതിരെ യുഎപിഎയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, ശത്രുത വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയത്. പ്രതികളെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചതിന് വിക്കി ശര്‍മ്മ, ഭാര്യ രേഖ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കയറ്റുമതി കമ്പനിയുടെ ഡ്രൈവറായാണ് വിക്കി ശര്‍മ ജോലി ചെയ്യുന്നത്. ബിഹാറില്‍ നിന്നുള്ള ലളിത് ഝാ മാത്രമാണ് ഒളിവില്‍ കഴിയുന്ന ഏക പ്രതി. നീലം ആസാദും അമോല്‍ ഷിന്‍ഡെയും മഞ്ഞയും ചുവപ്പും പുക കലര്‍ന്ന കാനിസ്റ്ററുകള്‍ വിന്യസിക്കുന്നതിന്റെ വീഡിയോകള്‍ ഇദ്ദേഹം ചിത്രീകരിച്ചു. തുടര്‍ന്ന് ബഹളത്തിനിടെ കൂട്ടാളികളുടെയും സെല്‍ഫോണുകളുമായി ഓടിപ്പോയി. അദ്ദേഹം വീഡിയോകളിലൊന്ന് ഒരു എന്‍ജിഒ ഉടമയുടെ സ്ഥാപകന് കൈമാറുകയും അത് 'സുരക്ഷിതമായി' സൂക്ഷിക്കാനും മാധ്യമ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

