സ്വയംരക്ഷയ്ക്ക് ആരെങ്കിലും ആയുധമെടുത്താൽ നമ്മൾക്ക് എന്താണ് ചെയ്യാനാവുക?; ദുർഗാവാഹിനി വാളേന്തി പ്രകടനത്തെ ന്യായീകരിച്ച് വി മുരളീധരൻ
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ സായുധ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്.
കൊച്ചി: സ്വയംരക്ഷയ്ക്ക് വേണ്ടി ആരെങ്കിലും ആയുധമെടുത്താൽ നമ്മൾക്കെന്ത് ചെയ്യാനാവുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ സായുധ വിഭാഗമായ ദുർഗാവാഹിനിയുടെ ശൗര്യ പ്രശിക്ഷൺ വർഗിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ആയുധ പരീശീലനത്തെക്കുറിച്ചും വാളേന്തി പ്രകടനത്തെ കുറിച്ചും മാധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് വി മുരളീധരൻ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നത്.
വാളേന്തേണ്ടി വരുന്നതിന്റെ കാരണം എനിക്കറിയില്ല, പക്ഷേ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക്, അവരുടെ സ്വന്തം ജീവന് രക്ഷകൊടുക്കാൻ നമ്മുടെ പോലിസിന് സാധിക്കാത്ത സാഹചര്യത്തിൽ, സ്വയംരക്ഷയ്ക്ക് വേണ്ടി ആരെങ്കിലും ആയുധമെടുത്തുകഴിഞ്ഞാൽ നമ്മൾക്ക് എന്താണ് ചെയ്യാൻ സാധിക്കുക? എന്നാണ് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്.
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ സായുധ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്. ഈ ക്യാംപിന്റെ സമാപന ദിവസമായ മെയ് 22ന് പൊതുനിരത്തിലൂടെ പഥസഞ്ചലനവും നടന്നു. ഈ പഥസഞ്ചലനത്തില്‍ മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇതില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളും മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് പുറമെ പഥസഞ്ചലനത്തിന്റെ സംഘാടകരായ സ്ഥലത്തെ ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ഒരു കേന്ദ്ര മന്ത്രിയായിരിക്കേയാണ് വി മുരളീധരൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപെട്ടിട്ടുള്ള ഒരു പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ ഇത്തരം ഭരണഘടനാവിരുദ്ധമായ പ്രസ്താവനകൾ നേരത്തെ ഉത്തരേന്ത്യയിൽ സജീവമാണണെങ്കിലും കേരളത്തിൽ പതിവല്ലെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയെ അടിക്കാനുള്ള വടിയായി കണക്കാക്കുമോയെന്ന് കണ്ടറിയാം.
