പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വീണ്ടും തിരിച്ചടി; ഒരു തൃണമൂല്‍ മന്ത്രി കൂടി രാജിവച്ചു

വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിയാണ് രാജിവച്ചത്.

Update: 2021-01-22 08:52 GMT

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ പശ്ചിമബംഗാളില്‍ മമത ബാനര്‍ജിക്ക് തിരിച്ചടിയായി മറ്റൊരു മന്ത്രി കൂടി രാജിവച്ചു. വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിയാണ് രാജിവച്ചത്.

പശ്ചിമബംഗാള്‍ ജനതയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അതിന് അവസരം നല്‍കിയ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും രാജിബ് ബാനര്‍ജിയുടെ രാജിക്കത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മറ്റൊരു മന്ത്രി കൂടി രാജിവെച്ചത്. ഭാവി കാര്യങ്ങളെക്കുറിച്ച് രാജിവ് ബാനര്‍ജി വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, തൃണമൂല്‍ നേതൃത്വവുമായി ഏറെ അടുപ്പമുള്ള ബംഗാളി നടന്‍ രുദ്രനില്‍ഘോഷ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അടുത്തിടെ പാര്‍ട്ടി വിട്ടത് തൃണമൂലിന് കനത്ത തിരിച്ചടിയായിരുന്നു. നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്കെതിരെ മല്‍സര രംഗത്തിറങ്ങുമെന്ന് മമത പ്രഖ്യാപിച്ചതോടെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി നന്ദിഗ്രാം മാറിയിട്ടുണ്ട്.

Tags:    

Similar News