കൊവിഡ്: ബംഗാളില്‍ എല്ലാ ആഴ്ചയിലും രണ്ട് ദിവസം വീതം ലോക്ക് ഡൗണ്‍
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസും പൂര്‍ണമായും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സഹായകമായേക്കുമെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു
കൊല്‍ക്കത്ത: കൊവിഡ് വ്യാപനം തടയുന്നതിന് ഭാഗമായി എല്ലാ ആഴ്ചയിലും രണ്ട് ദിവസം വീതം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ആലാപന്‍ ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹ വ്യാപനമുണ്ടായിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈയാഴ്ചയില്‍ വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ലോക്ക് ഡൗണ്‍. അടുത്തയാഴ്ച ഇത് മാറും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസും പൂര്‍ണമായും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സഹായകമായേക്കുമെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. കേന്ദ്ര ആരോഗ്യ, കുടുംബകാര്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങളിലെ നിയന്ത്രണ മേഖലകല്‍ കര്‍ശനമായി പൂട്ടിയിരിക്കുകയായിരുന്നു.
അതേസമയം കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനിടയില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടു. ആദ്യ ഘട്ടത്തില്‍ പൂര്‍ബ, പാസ്ചിം മെഡിനിപൂര്‍ ജില്ലകളിലെ സംസ്ഥാന ജനറല്‍ ആശുപത്രികളില്‍ കൊവിഡ് -19 യൂണിറ്റുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടിയിരുന്നു. ജൂലൈ 31 വരെ ഡല്‍ഹി, മുംബൈ, പൂനെ, നാഗ്പൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ജൂലൈ 6 മുതല്‍ 19 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ 42,487 പേര്‍ക്കാണ് പശ്ചിമ ബംഗാളില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1112 പേര്‍ മരിച്ചു. 24,883 പേര്‍ക്ക് രോഗം ഭേദമായി. 16,492 പേര്‍ ചികില്‍സയില്‍ തുടരുന്നു.
