വോട്ട് ചോദിച്ചു ചെന്ന ബിജെപി പ്രവര്‍ത്തകനെ ബം​ഗാളിൽ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

നാദിയ ജില്ലയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ സൈകത് ബവാല്‍ ആണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

Update: 2020-12-14 08:24 GMT

കൊൽക്കത്ത: വോട്ട് ചോദിച്ചു ചെന്ന ബിജെപി പ്രവര്‍ത്തകനെ ബം​ഗാളിൽ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകള്‍ തോറും കയറിഇറങ്ങി പ്രചരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെയാണ് അജഞാതരായ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആറ് പ്രവര്‍ത്തകര്‍ ഗുരുതരപരുക്കുകളുമായി ആശുപത്രിയിലാണ്.

നാദിയ ജില്ലയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ സൈകത് ബവാല്‍ ആണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രചരണത്തിനിറങ്ങിയ ഏഴ് പ്രവര്‍ത്തകരെ ഒരുകൂട്ടമാളുകള്‍ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുന്ന ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാല്‍ വലിയ പോലിസ് സന്നാഹത്തെയാണ് വിന്ന്യസിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ബംഗാളില്‍ ബിജെപി- തൃണമൂല്‍ സംഘര്‍ഷം കനക്കുകയാണ്.

സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ആക്രമണങ്ങള്‍ നിറഞ്ഞ സാഹചര്യമാണെന്നും മമത സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് വിജയ വാര്‍ഗീയ ആവശ്യപ്പെട്ടു. അധികാരം പിടിക്കാന്‍ ബംഗാളില്‍ ബിജെപി ആക്രമണങ്ങള്‍ നടത്തുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു.