ബംഗാളിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു; 31 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്

ബിജെപിയുടെ സ്വപന്‍ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബര്‍ത്തി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി എംപി ആയ ഡയമണ്ട് ഹാര്‍ബറിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Update: 2021-04-04 18:18 GMT

കൊല്‍ക്കത്ത: ബംഗാളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. 31 സീറ്റുകളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളില്‍ ഇതുവരെ 60 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബിജെപിയുടെ സ്വപന്‍ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബര്‍ത്തി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി എംപി ആയ ഡയമണ്ട് ഹാര്‍ബറിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

18 കമ്പനി കേന്ദ്രസേനയെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ ബയോലയിലെ ബൂത്ത് ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്ന മമതാ ബാനര്‍ജിയുടെ പരാതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചു. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്. പോലിസിന്റെയും നിരീക്ഷകരുടെയും റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മമതയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നത്. മമത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ടാണ് കമ്മീഷന്റെ മറുപടി.

നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചടക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് മമതയുടെ പരാതി. ഇവര്‍ക്ക് കേന്ദ്രസേന പിന്തുണ നല്‍കിയെന്നും മമത ആരോപിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ പോളിങ് തടസപ്പെടുത്തിയിട്ടില്ല. തോക്കുകളുമായി ആരുമെത്തിയിട്ടില്ല. ഗുണ്ടകള്‍ വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മീഷന്‍ പറയുന്നു. നന്ദിഗ്രാമിലെ ബൂത്തില്‍ വിന്യസിച്ച ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരായ ആരോപണം സത്യമല്ല എന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കേന്ദ്രസേന പോളിങ് ബൂത്തില്‍ കയറി വോട്ടര്‍മാരെ തടഞ്ഞുവെന്ന മമതയുടെ പരാതി വലിയ വാര്‍ത്തയായിരുന്നു. യാതൊരു തെളിവുമില്ലാത്ത ആരോപണമാണ് മമത ഉന്നയിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് രാവിലെ 5.30ന് മോക് ഡ്രില്‍ നടത്തി. 7 മണിക്ക് പോളിങ് ആരംഭിച്ചു. മോക് ഡ്രില്‍ നടത്തുമ്പോള്‍ സിപിഎം, ബിജെപി, സ്വതന്ത്രന്‍ എന്നിവരുടെ ബൂത്ത് ഏജന്റുമാരുണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റിനെ കണ്ടതേയില്ല. സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ട്. യാതൊരു അക്രമവും നടന്നിട്ടില്ല. വോട്ടര്‍മാര്‍ക്ക് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Tags: