വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2022-11-30 03:01 GMT

റാമല്ല: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഇസ്രായേല്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്നു. റാമല്ല, ഹെബ്രോന്‍ നഗരങ്ങള്‍ക്ക് സമീപം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പിലാണ് ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായത്. റാമല്ലയില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് 20 ഉം 21 ഉം വയസ്സുള്ള രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചത്. ജവാദ്, ദഫ്ര്‍ റിമാവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


 വൈകുന്നേരമുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ടുപേരെ കൂടി വധിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. വെസ്റ്റ് ബാങ്കിലും ഇസ്രായേലിലും അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്‌നം വീണ്ടും തിളച്ചുമറിയുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. മൃതദേഹം ഖബറടക്കുന്ന ചടങ്ങിനായി നൂറുകണക്കിന് ഫലസ്തീനികള്‍ തടിച്ചുകൂടിയിരുന്നു. കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഫലസ്തീന്‍ പൗരന്‍മാര്‍ പൊതുപണിമുടക്കും നടത്തിയെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. 'തണുത്ത രക്തത്തിലുള്ള വധശിക്ഷ' എന്നാണ് ഫലസ്തീനിയന്‍ അതോറിറ്റി സിവില്‍ അഫയേഴ്‌സ് മന്ത്രി ഹുസൈന്‍ അല്‍ഷൈഖ് രണ്ട് സഹോദരന്‍മാരുടെ കൊലപാതകത്തെ വിശേഷിപ്പിച്ചത്

ഗ്രാമത്തിലുണ്ടായിരുന്ന സൈന്യത്തിന് നേരേ കല്ലുകളും ബോംബുകളും എറിഞ്ഞപ്പോള്‍ സൈനികര്‍ തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. സംഭവം പരിശോധിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു. ഹെബ്രോണിനടുത്തുള്ള സൈനിക റെയ്ഡിനിടെയാണ് മുഫീദ് ഖലീല്‍ എന്ന ഫലസ്തീന്‍കാരനെ ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖലീലിന്റെ തലയ്ക്കാണ് വെടിയേറ്റത്. എട്ടുപേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

റെയ്ഡിനിടെ കല്ലുകളും സ്‌ഫോടകവസ്തുക്കളും എറിഞ്ഞ ഫലസ്തീനികള്‍ക്കെതിരേ സൈനികര്‍ വെടിയുതിര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഫലസ്തീനികള്‍ സൈന്യത്തിന് നേരേ വെടിയുതിര്‍ത്തെന്നും രണ്ട് സൈനിക വാഹനങ്ങള്‍ യന്ത്രത്തകരാര്‍ മൂലം കുടുങ്ങിയെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. റാമല്ലയുടെ വടക്ക് ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് നാലാമത്തെ ഫലസ്തീന്‍കാരനായ റായ്ദ് ഗാസി അല്‍നാസന്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അധിനിവേശ കിഴക്കന്‍ ജറുസലേമിന് പുറത്ത് കൊച്ചാവ് യാക്കോവ് അനധികൃത സെറ്റില്‍മെന്റിന് സമീപത്ത് ഒരു ഫലസ്തീന്‍കാരനെ ഇസ്രായേല്‍ പോലിസ് വെടിവച്ച് കൊന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News