അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും കുടുംബവും യുഎഇയില്‍

Update: 2021-08-18 15:12 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യം വിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും കുടുംബവും യുഎഇയിലെത്തിയതായി സ്ഥിരീകരണം. മാനുഷിക പരിഗണന കണക്കിലെടുത്ത് അഷ്‌റഫ് ഗാനിയെയും കുടുംബത്തെയും രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. അഷ്‌റഫ് ഗാനി അബൂദബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഞായറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായാണ് ഗാനി അഫ്ഗാന്‍ വിട്ടത്. താലിബാന്‍ വിജയിച്ചെന്നും ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്നുമാണ് ഗാനി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ആദ്യം അയല്‍രാജ്യമായ താജികിസ്താനിലേക്കാണ് ഗാനി പോയതെന്നായിരുന്നു റിപോര്‍ട്ട്. ഉസ്ബകിസ്താന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തതായും ഊഹാപോഹങ്ങളുണ്ടായി. യുഎഇയുടെ സ്ഥിരീകരണത്തോടെ അഷ്‌റഫ് ഗാനി എവിടെയെന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.

സഹോദരരാജ്യമായ അഫ്ഗാനിസ്താനില്‍ അടിയന്തരമായി സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം യുഎഇ ഊന്നിപ്പറഞ്ഞിരുന്നു. സമീപകാല സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 1996 മുതല്‍ 2001 വരെ ഭരിച്ച മുന്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച സൗദി അറേബ്യയും പാകിസ്താനും ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

Tags:    

Similar News