ഹിജാബ് ധരിക്കുന്നത് മൗലിക അവകാശം; കർണാടക ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭരണഘടനയിലെ ആ‍ര്‍ട്ടിക്കിൾ 14, 25 എന്നിവയുടെ ലംഘനമാണെന്ന് വിദ്യാ‍ര്‍ഥിനി ഹ‍രജിയിൽ പറയുന്നു.

Update: 2022-02-01 08:12 GMT

ബംഗളുരു: ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവാദം നൽകി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരി ഉൾപ്പെടെയുള്ള വിദ്യാർഥികൾ ഹിജാബ് ധരിച്ചതിനെത്തുടർന്ന് കോളജിൽ നിന്നും പുറത്താക്കിയിരുന്നു.

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭരണഘടനയിലെ ആ‍ര്‍ട്ടിക്കിൾ 14, 25 എന്നിവയുടെ ലംഘനമാണെന്ന് വിദ്യാ‍ര്‍ഥിനി ഹ‍രജിയിൽ പറയുന്നു. ഒരു മാസമായി പരാതിക്കാരി ഉൾപ്പെടെയുള്ളവ‍ര്‍ക്ക് ക്ലാസിൽ കയറാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാ‍ര്‍ഥിനി കോടതിയെ സമീപിച്ചത്.

മുപ്പത് വ‍ര്‍ഷത്തോളമായി കോളേജിൽ യൂനിഫോം ചട്ടം നിലവിലുണ്ട്. അന്നൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മത കേന്ദ്രങ്ങളല്ലെന്നും ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷ് പ്രതികരിച്ചു.

പരാതികളൊന്നും ഇല്ലാതെ നൂറിൽ അധികം വിദ്യാ‍‍ര്‍ഥികൾ അവിടെ പഠിക്കുന്നുണ്ട്. കുറച്ച് വിദ്യാ‍ര്‍ഥികൾ മാത്രമാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്ന് ബി സി നാഗേഷ് പറ‍ഞ്ഞു.

2021 ഡിസംബ‍ര്‍ 27 മുതലാണ് ഉഡുപ്പി ഗവൺമെന്റ് പ്രീ-യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് വിവാദം ഉടലെടുത്തത്. ഹി‍ജാബ് ധരിച്ച ആറ് വിദ്യാ‍ര്‍ഥിനികളെ കോളജിൽ നിന്നും പുറത്താക്കി. ഹിജാബ് യൂനിഫോം ചട്ടത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഹിജാബ് ധരിക്കാൻ സാധിക്കില്ലെന്നും കോളജ് അധികൃത‍ര്‍ വ്യക്തമാക്കി.